മലയാളത്തിന്റെ യുവതാരങ്ങൾക്കിടയിൽ പകരക്കാരില്ലാത്ത സാന്നിധ്യമാണ് ദുൽഖർ സൽമാൻ. യൂത്തിന്റെ ആരാധനാപാത്രം, ലക്ഷക്കണക്കിന് ആരാധകരുള്ള താരം, മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടൻ എന്നിങ്ങനെയെല്ലാമുള്ള വിശേഷണങ്ങളും ദുൽഖർ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
ഇപ്പോൾ താൻ വിശ്രമിക്കുന്ന ഒരു ചിത്രമാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചത്. ചിത്രത്തിന് നിരവധി പേർ കമന്റുമായി എത്തി. നിന്നെ ഇറിറ്റേറ്റ് ചെയ്യാൻ കാത്തിരിക്കുന്നു എന്നാണ് നടി അദിതി റാവു ഈ ചിത്രത്തിന് കമന്റ് ചെയ്തത്.
പ്രശസ്ത കൊറിയോ ഗ്രാഫർ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ ദുൽഖറും അദിതിയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ‘ഹേയ് സിനാമിക’ എന്ന പേരിലുള്ള ചിത്രത്തിൽ ദുൽഖറിനും അദിതിക്കും പുറമെ കാജൽ അഗർവാളും പ്രധാന വേഷത്തിലെത്തുന്നു.
ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ‘കുറുപ്പ്’ വലിയ വിജയമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിന്റെ ആഘോഷങ്ങൾക്കിടയിലാണ് ദുൽഖറിന്റെ ഹിമാചൽ യാത്ര. കഴിഞ്ഞ ദിവസം ‘കുറുപ്പ്’ 75 കോടി ക്ലബ്ബിലെത്തിയ സന്തോഷവാർത്ത ദുൽഖർ ആരാധകരെ അറിയിച്ചിരുന്നു.
Also Read: ഹിമാചൽ മലനിരകളിലൂടെ കാറോടിച്ച് ദുൽഖർ; വീഡിയോ
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, ടൊവിനോ തോമസ്, ഭരത്, അനുപമ പരമേശ്വരൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.