മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തന്റെ പേര് പതിപ്പിച്ച യുവതാരമാണ് ദുൽഖർ സൽമാൻ. അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമാണ് ദുൽഖർ. വലിയൊരു സൗഹൃദവലയം തന്നെയുള്ള താരമാണ് ഡിക്യു എന്നു പ്രിയപ്പെട്ടവർ സ്നേഹത്തോടെ വിളിക്കുന്ന ദുൽഖർ സൽമാൻ.
വർഷങ്ങൾക്കു ശേഷം, മകളുടെ സ്കൂളിൽ വച്ച് പഴയ ക്ലാസ്മേറ്റിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് ദുൽഖർ. വരുൺ മണിയൻ എന്ന തന്റെ ക്ലാസ്മേറ്റിന്റെ ട്വീറ്റിന് മറുപടി കൊടുക്കുകയായിരുന്നു ഡിക്യു.
“വിശ്വസിക്കാനാവുന്നില്ല, ഞാനും ദുൽഖറും കുട്ടികളെ കൂട്ടാനായി സ്കൂളിനു വെളിയിൽ വെയ്റ്റ് ചെയ്യുന്നു! സ്കൂളിൽ ഒന്നിച്ചു പഠിച്ച കുട്ടികളായിരുന്നല്ലോ നമ്മൾ,” എന്നായിരുന്നു വ്യവസായിയായ വരുൺ മണിയൻ ട്വീറ്റ് ചെയ്തത്.
“സത്യം. കാലം എങ്ങോട്ടാണ് പോയത്. നിങ്ങളെ കണ്ടതിൽ വലിയ സന്തോഷം വിഎം !! ആ ഏതാനും മിനിറ്റുകൾക്കുള്ളിൽ നിങ്ങൾ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു,”ചങ്ങാതിയുടെ ട്വീറ്റിന് ദുൽഖറിന്റെ മറുപടിയിങ്ങനെ.
Read more: ഷൂട്ടിനിടയിൽ ദുൽഖറിന്റെ ഫോൺ ഒളിപ്പിച്ച് വച്ച് അദിതി
‘ഹേ സിനാമിക’യാണ് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ദുൽഖർ ചിത്രം. കാജൽ അഗർവാളും അദിതി റാവു ഹൈദരിയും നായികമാരായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ദുൽഖർ നിർമ്മിച്ച ‘ഉപചാരപൂർവ്വം ഗുണ്ടാ ജയനും’ അടുത്തിടെയാണ് റിലീസിനെത്തിയത്.