scorecardresearch

റൺവേ റൊമാൻസുമായി സീതയും റാമും; വീഡിയോ ഷെയർ ചെയ്ത് ദുൽഖർ

“ഇതാവും നിങ്ങൾക്കുള്ള ഏറ്റവും മികച്ച ജന്മദിന സമ്മാനം,” സീതാരാമം നായിക മൃണാളിന് ജന്മദിനാശംസകളുമായി ദുൽഖർ

റൺവേ റൊമാൻസുമായി സീതയും റാമും; വീഡിയോ ഷെയർ ചെയ്ത് ദുൽഖർ

സീതാരാമം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ദുൽഖർ സൽമാൻ. ആഗസ്റ്റ് 5നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മൃണാള്‍ ഠാക്കൂര്‍ ആണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.

മൃണാളിന്റെ ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ദുൽഖർ പങ്കുവച്ച ആശംസകുറിപ്പും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

പ്രിയമാന സീതാ മഹാലക്ഷ്മി ഗരികി,

സീതാരാമന്റെ സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോൾ ചിത്രത്തിന് കാസ്റ്റ് ലിസ്റ്റോ ടൈറ്റിലോ ഉണ്ടായിരുന്നില്ല. ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷമായ, ഒരു ക്ലാസിക് ഇതിഹാസത്തിലെ കഥാപാത്രങ്ങളിലൊന്നായിരുന്നു സീത മഹാലക്ഷ്മി. പിന്നീട് നിങ്ങൾ സിനിമയിലേക്കു വന്നു, നിങ്ങൾ സീതയ്ക്ക് ഒരു മുഖവും ജീവിതവും നൽകി.

നമ്മുടെ ആദ്യ മീറ്റിംഗിൽ “മച്ചാ നിങ്ങൾ തയ്യാറാണോ?” എന്ന് നിങ്ങൾ ചോദിച്ചപ്പോൾ എനിക്കറിയാമായിരുന്നു, ഈ സിനിമ നമുക്ക് നല്ല നിമിഷങ്ങൾ സമ്മാനിക്കുമെന്നും നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും. ഏറ്റവും കഠിനമായ ഷൂട്ടിംഗ് ദിവസങ്ങളിലും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും നിങ്ങൾ എങ്ങനെയാണ് സീതയെ അവതരിപ്പിച്ചത് എന്ന് ഞാൻ കണ്ടു. സീതയ്ക്കായി നിങ്ങൾ നിങ്ങളെ തന്നെ നൽകി, പ്രേക്ഷകർക്ക് സീത മഹാലക്ഷ്മി എന്ന പേരിന്റെ പര്യായമായിരിക്കും നിങ്ങളെന്ന് ഞാൻ കരുതുന്നു.

രാമന്റെ സീതയായതിന് നന്ദി. ലോകം സീതാരാമം കാണുകയും സീതാ മഹാലക്ഷ്മിയെ പ്രണയിക്കുകയും ചെയ്യുന്ന ഓഗസ്റ്റ് അഞ്ചിനായ് കാത്തിരിക്കുന്നു.

സീത ഗാരുവിന് ജന്മദിനാശംസകൾ നേരുന്നു! ഈ സിനിമ നിങ്ങൾക്കുള്ള ഏറ്റവും മികച്ച ജന്മദിന സമ്മാനമായിരിക്കും,” ദുൽഖർ കുറിച്ചു.

ഹനു രാഘവപുടിയാണ് ‘സീതാരാമ’ത്തിന്റെ സംവിധായകൻ. ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, രഷ്മിക മന്ദാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

1964-ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാനും മൃണാൾ താക്കൂറുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിൽ രശ്മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, സുമന്ത്, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീതാ രാമത്തിനുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salman birthday wishes to mrunal thakur