ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖറിന് ജന്മദിന സമ്മാനമായാണ് വൈജയന്തി മൂവീസ് പോസ്റ്റര്‍ പുറത്തുവിട്ടത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന മഹാനദിയില്‍ ജമിനി ഗണേശനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. നേര്‍ത്ത മീശയും വെട്ടിയൊതുക്കിയ ചുരുണ്ട മുടിയും ആയിട്ടുളള ലുക്കിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ദേശീയ അവാര്‍ഡ് ജേതാവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരവുമായ സാവിത്രിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കിയുളളതാണ് ചിത്രം. പോസ്റ്ററില്‍ ‘കാതല്‍ മന്നന്‍’ (പ്രണയത്തിന്റെ രാജാവ്) എന്നും എഴുതിയിരിക്കുന്നത് കാണാം.
ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് അഭിനേത്രി സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തില്‍ ജമിനി ഗണേശന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുമെന്ന വാര്‍ത്ത തെലുങ്ക് പ്രേക്ഷകരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കീര്‍ത്തി സുരേഷും സാമന്തയും നായികമാരായി ചിത്രത്തിലുണ്ട്.
കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലിയിലൂടെ നായികയായി തുടക്കെ കുറിച്ച താരം റിംഗ് മാസ്റ്ററിന് ശേഷം തമിഴ് സിനിമയിലേക്ക് പ്രവേശിച്ചു. തമിഴിലും വിജയക്കൊടി പാറിച്ച താരമിപ്പോള്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്.
മഹാനദിയില്‍ സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് നിത്യാ മേനോനെ ആയിരുന്നുവത്രെ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ താരം തയ്യാറായില്ല. തുടര്‍ന്ന് സാമന്തയെ സമീപിച്ചു. എന്നാല്‍ സാവിത്രിയെ അവതരിപ്പിക്കാന്‍ സാമന്തയും തയ്യാറായില്ല. പിന്നീടാണ് കീര്‍ത്തി സുരേഷിന് നറുക്കുവീണത്.