കുട്ടിക്കാലത്ത് സഹോദരങ്ങളോട് ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കിട്ടതും തല്ലുകൂടിയതും എല്ലാവർക്കും മധുരമേറിയ ഗൃഹാതുര സ്മരണകളാണ്. വീട്ടിൽ വഴക്കുകളുണ്ടാകുന്പോൾ ചെറിയ കുട്ടികളായിരിക്കും മൂത്ത കുട്ടികളെ പ്രകോപിപ്പിക്കുക. വികൃതികളും മിക്കവാറും അവരാകും. എന്നാൽ മാതാപിതാക്കളിൽ നിന്ന് വഴക്കു കേൾക്കുന്നതോ, അത് മൂത്തവർക്കായിരിക്കും

ഇത്തരത്തിൽ ജീവിതത്തിൽ ചേച്ചിയുമായുണ്ടായ ചില വഴക്കുകളെ കുറിച്ച് പറയുകയാണ് ദുൽഖർ. അബീഷ് മാത്യുവിന്റെ ‘സണ്‍ ഓഫ് ആബിഷ്’ എന്ന ഷോയിലാണ് ദുൽഖർ ഇത് വെളിപ്പെടുത്തിയത്. മലയാളിയായ ബോളിവുഡ് താരം വിദ്യാ ബാലനും ഷോയിൽ തന്റെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെച്ചു.

‘എന്റെ സഹോദരിയെക്കുറിച്ച് പറയാൻ ഒരുപാട് രസകരമായ അനുഭവങ്ങളുണ്ട്. എപ്പോഴും കുഴപ്പം ഉണ്ടാക്കിയിരുന്നത് ഞാനായിരുന്നു. മെലിഞ്ഞുണങ്ങിയ പ്രകൃതമായിരുന്നു എന്റേത്. ചേച്ചി അല്‍പ്പം തടിയൊക്കെ ഉണ്ടായിരുന്നു. ഞാൻ ഓരോന്ന് പറഞ്ഞ് അവളെ പ്രകോപിപ്പിക്കും. അടിക്കാന്‍ വരുമ്പോള്‍ കൈകൊണ്ട് ഞാന്‍ തടുക്കും. ഞാന്‍ മൊത്തം എല്ലും തോലും മാത്രമായിരുന്നതിനാല്‍ മിക്കവാറും വേദനിക്കുന്നത് ചേച്ചിക്കായിരിക്കും. ചേച്ചി കരയും. ഞാന്‍ ഒന്നും അറിയാത്ത പോലെ മിണ്ടാതിരിക്കും’ ദുല്‍ഖര്‍ ഓർക്കുന്നു.

താന്‍ ആൺ സുഹൃത്തുക്കളുടെ കൂടെ കറങ്ങിയാൽ അപ്പോൾ തന്നെ ചേച്ചി പ്രിയ ബാലന്‍ അത് കണ്ടുപിടിക്കുമെന്നാണ് വിദ്യാ ബാലൻ പറയുന്നത്.

‘ഞാന്‍ ഏത് ആണ്‍കുട്ടിയ്‌ക്കൊപ്പം കറങ്ങിയാലും അവള്‍ അത് കൃത്യമായി മണത്തറിയും. എന്നോട് അതിനെ കുറിച്ച് ചോദിക്കും. ഞാന്‍ ഫ്രണ്ടാണെന്ന് പറഞ്ഞാലും അവള്‍ ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. എന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും എന്റെ സഹോദരി അറിയും’ വിദ്യ പറഞ്ഞു.

ദുൽഖറും വിദ്യയും പങ്കെടുത്ത ഷോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ