യുവതാരങ്ങൾക്കിടയിലെ സൂപ്പർ കൂൾ താരമാണ് കുഞ്ഞിക്ക എന്നു വിളിപ്പേരുള്ള ദുൽഖർ സൽമാൻ. ഒരു കിടിലൻ സുഹൃത്ത് എന്നാണ് സഹതാരങ്ങളിൽ പലരും ദുൽഖറിനെ വിശേഷിപ്പിക്കാറുള്ളത്. സണ്ണി വെയ്ൻ മുതൽ തെലുങ്കകത്തിന്റെ സ്വന്തം വിജയ് ദേവരകൊണ്ട വരെ സ്നേഹത്തോടെ സഹോദരതുല്യനായി കാണുന്ന വ്യക്തിത്വമാണ് ദുൽഖറിന്റേത്.
ദുൽഖറും സണ്ണി വെയ്നും തമ്മിലുള്ള സൗഹൃദം മുൻപും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള കാര്യമാണ്. ഒരേ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്മാരാണ് ഇരുവരും. ‘സെക്കൻഡ് ഷോ’ സിനിമയിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്നു തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു. ദുൽഖറിന് സണ്ണി വെയ്ൻ സണ്ണിച്ചനാണ്. സിനിമാ തിരക്കുകളോ ദുൽഖറിന്റെ സ്റ്റാർഡമോ ഒന്നും ആ സൗഹൃദത്തിന് മങ്ങലേൽപ്പിച്ചിട്ടില്ല.

സണ്ണിയെ കുറിച്ച് ദുൽഖർ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. “ഞങ്ങൾ തുടങ്ങിയത് ഒരുമിച്ചാണ്. ഒന്നിച്ച് പടത്തിനു വേണ്ടി ആക്റ്റിംഗ് വർക്ക് ഷോപ്പുകളൊക്കെ ചെയ്തു. ഇന്നെനിക്ക് എന്റേതായൊരു ടീമും അസിസ്റ്റൻസുമൊക്കെയുണ്ട്, എവിടെ പോയാലും എനിക്കൊരു ഫാമിലിയുണ്ട്. എന്റെ കൂടെയുള്ള ആളുകളാണ് എന്റെ ഫാമിലി. പക്ഷേ അന്നെനിക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫ്രണ്ടായിട്ട് വന്നത് സണ്ണിയാണ്. അന്നവനു മനസ്സിലായി, ഞാനൊറ്റയ്ക്കാണ്. എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കും. പൊതുവെ ആൾടെ പേഴ്സണാലിറ്റിയും അങ്ങനെയാണ്, ഇടിച്ചുകയറി ഫ്രണ്ടാവും.”
“ഈ പടം ഇറങ്ങികഴിഞ്ഞപ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ടോ എന്നറിയാൻ ഞങ്ങൾ കോഴിക്കോട് ബീച്ചിലും പാരഗണിലുമൊക്കെ പോവുമായിരുന്നു. അത്തരത്തിൽ രസമുള്ള കുറേ കാര്യങ്ങൾ ഷെയർ ചെയ്തിട്ടുള്ള ഒരാളാണ് സണ്ണി.”