ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ചിത്രം, രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന സംരംഭം, മലയാളത്തിലെ ആദ്യ റിവേഴ്‌സ് തിരക്കഥ. 2012ല്‍ പുറത്തിറങ്ങിയ തീവ്രം എന്ന ചിത്രം മികച്ചൊരു ത്രില്ലര്‍ തന്നെയായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്നതാണ് തീവ്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത. സംവിധായകന്‍ രൂപേഷ് പീതാംബരനാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

2019ലായിരിക്കും ചിത്രം സംഭവിക്കുകയെന്നും കഥയും കഥാപാത്രങ്ങളും പുതുമ നിറഞ്ഞതായിരിക്കുമെന്നും രൂപേഷ് പറഞ്ഞു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം വന്നതിന്റെ തൊട്ടുപിന്നാലയാണ് ദുല്‍ഖറിന്റെ ചിത്രത്തിനും തുടര്‍ച്ചയെത്തുന്നത് എന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശമാണ്.

ആദ്യപകുതിയില്‍ തന്നെ ക്ലൈമാക്‌സ് പറയുകയും പിന്നീട് ഫ്‌ളാഷ്ബാക്കുകളിലൂടെ സംസാരിക്കുകയും ചെയ്യുന്ന പുതുമയുള്ള ശൈലിയായിരുന്നു തീവ്രത്തില്‍ സ്വീകരിച്ചിരുന്നത്. സംഗീതജ്ഞനായ ഹര്‍ഷവര്‍ദ്ധന്റെയും ഭാര്യ മായയുടെയും കഥയാണ് തീവ്രം പറയുന്നത്. മായയുടെ മരണത്തിന് ഹര്‍ഷന്‍ നടത്തുന്ന പ്രതികാരത്തിന്റെ കഥയ്ക്ക് നിരവധി പ്രശംസ ലഭിച്ചിരുന്നു. ശിഖ നായര്‍, ശ്രീനിവാസന്‍, വിഷ്ണു രാഘവ്, വിനയ് ഫോര്‍ട്ട്, അനു മോഹന്‍, ജനാര്‍ദ്ദനന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

തീവ്രത്തിനു ശേഷം 2015ല്‍ ആസിഫ് അലിയെയും ടൊവിനോ തോമസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി യൂ ടു ബ്രൂട്ടസായിരുന്നു രൂപേഷിന്റെ ചിത്രം. പിന്നീട് ഒരു മെക്‌സിക്കന്‍ അപാരതയിലും അംഗരാജ്യത്തെ ജിമ്മന്മാരിലും അഭിനയിച്ചു. ഒരേ സമയം അഭിനയവും സംവിധാനവും ഒന്നിച്ചുകൊണ്ടു പോകാനുള്ള ശ്രമത്തിലാണ് രൂപേഷ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook