ഒടുവിൽ ആരാധകരുടെ അഭിപ്രായത്തിന് സോളോയുടെ അണിയറ പ്രവർത്തകർ ചെവി കൊടുത്തു. ദുൽഖർ സൽമാൻ നായകനായ സോളോയുടെ ഒരു ക്ലൈമാക്സ് തിയേറ്ററിൽ നിന്നുള്ള അഭിപ്രായങ്ങളെ തുടർന്ന് മാറ്റിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായ സോളോ ഒക്ടോബര്‍ അഞ്ചിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയെ കുറിച്ച് ആദ്യം വന്ന പ്രേക്ഷക പ്രതികരണം സമ്മിശ്രമായിരുന്നെങ്കിലും അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആന്തോളജി സിനിമയായി നിര്‍മ്മിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതായിരുന്നു പ്രത്യേകത.

നാല് കഥകള്‍ കോര്‍ത്തിണക്കി കൊണ്ടായിരുന്നു സോളോ തിയറ്ററുകളിലേക്ക് എത്തിയത്. രുദ്ര, ശിവ, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണുള്ളത്. അതില്‍ രുദ്ര എന്ന ഭാഗത്തിന്റെ ക്ലൈമാക്‌സ് ആണ് മാറ്റിയിരിക്കുന്നത്. ആദ്യ മൂന്നുചിത്രങ്ങൾക്കും മികച്ച അഭിപ്രായം ലഭിച്ചിരുന്നുവെങ്കിലും നാലാമത്തെ ചിത്രത്തിൽ ദുര്‍ബലമായ പ്രമേയത്തിന്റെ അശക്തമായ ആഖ്യാനം കൊണ്ട് മുഷിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇതിന്റെ ക്ലൈമാക്സിൽ മാറ്റം വരുത്താൻ അണിയറപ്രവർത്തകർ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ബോളിവുഡിലെ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് സോളോ. ഒരേസമയം പഞ്ചഭൂത സങ്കല്‍പത്തെയും ശിവസങ്കല്‍പത്തെയും ഉപജീവിച്ചാണ് ചിത്രത്തിലെ നാല് കഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രണയവും പ്രണയനഷ്ടവും പ്രമേയമായി വരുന്നവയാണ് രണ്ട് ചിത്രങ്ങള്‍. മറ്റു രണ്ടെണ്ണം പ്രതികാരത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങളാണ്.

അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളെ പിന്നിലാക്കി ബിഗ് റിലീസ് സിനിമയായിട്ടാണ് സോളോ തിയറ്ററുകളിലേക്ക് എത്തിയത്. കേരളത്തില്‍ മാത്രം 225 തിയറ്ററുകളിളായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഒരേ സമയം തമിഴിലും മലയാളത്തിലുമായിട്ടായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കേരളത്തില്‍ നിന്നും ആദ്യ ദിനം 3.26കോടി നേടി സോളോ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരുന്നു. ഒപ്പം തമിഴ്‌നാട്ടില്‍ നിന്നും 2.04 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ