വ്യത്യസ്തമായി തമാശകൾ കൊണ്ട് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കട്ടപ്പനയിലെ ഋത്വിക് റോഷനും അമര്‍ അക്ബര്‍ ആന്‍റണിക്കും തിരക്കഥയെഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥ ഒരുക്കുന്നു. ദുല്‍ഖര്‍ സല്‍മാനായിരിക്കും ചിത്രത്തില്‍ നായകന്‍. ഏറെ വ്യത്യസ്തത നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കുമെന്ന സ്ഥിരീകരണമായിട്ടില്ല. കട്ടപ്പനയിലെ ഋത്വിക് റോഷനും അമര്‍ അക്ബര്‍ ആന്‍റണിക്കും സമാനനമായി തമാശയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ സിനിമയും എന്നാണ് സൂചന. തമാശക്കൊപ്പം തന്നെ അഭിനയത്തിനും കൂടി പ്രാധാന്യമുള്ള വേഷമായിരിക്കും ദുൽഖറിന് ഈ വേഷത്തിലൂടെ ലഭിക്കുക.

തിരക്കഥയ്ക്ക് പുറമെ അഭിനയത്തില്‍ സ്ഥാനം ഉറപ്പിച്ചവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും. വിഷ്ണു ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭുവില്‍ അഭിനയിച്ചു വരികയാണ്. ഫഹദ് ഫാസില്‍ നായകനായ റോള്‍മോഡലില്‍ ബിബിന്‍ ജോര്‍ജ് വില്ലന്‍ വേഷമണിഞ്ഞ് സിനിമാ പ്രേമികളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

അതേസമയം, പ്രേക്ഷകര്‍ക്ക് ഹരം പകര്‍ന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ റീമേക്കിന് ഒരുങ്ങുകയാണെന്ന് സംവിധായകന്‍ നാദിര്‍ഷ അറിയിച്ചിരുന്നു. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നാണ് തമിഴിലെ പേര്. ചിത്രത്തിൽ പുതുമുഖ നടനാണ് നായകനാകുന്നത്. ഇതിനായി വിജയ് ടി.വിയിലെ ഒരു അവതാരകനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മലയാളത്തിൽ സിദ്ദീഖ് അവതതരിപ്പിച്ച വേഷം സത്യരാജും സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. പൊള്ളാച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook