ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ചതിലും നേരത്തെ കാണാം. ദുൽഖർ നായകനാകുന്ന കർവാന്റെ റിലീസ് മാറ്റി. ഓഗസ്റ്റ് 10ൽ നിന്ന് ഓഗസ്റ്റ് 3ലേക്കാണ് റിലീസ് മാറ്റിയത്. മിഥില പാൽക്കർ നായികയാകുന്ന ചിത്രത്തിൽ ഇർഫാൻ ഖാൻ പ്രധാനവേഷത്തിലെത്തുന്നു. അക്ഷയ് ഖുറാന ആണ് കർവാൻ സംവിധാനം ചെയ്തത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ റോഡ് മൂവിയാണ് കർവാൻ.
ഒരു റോഡ് യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്തമായ ജീവിതമാണ് സിനിമയുടെ പ്രമേയം. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.
നേരത്തെ ഇർഫാൻ ഖാന് അപൂർവ രോഗം പിടിപെട്ടുവെന്ന വാർത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. തനിക്ക് അപൂർവമായി കാണപ്പെടുന്ന ന്യൂറോ എൻഡോക്രൈൻ ടൂമർ എന്ന അർബുദമാണെന്നും അതിന് രാജ്യത്തിനു പുറത്ത് ചികിത്സ തേടുകയാണെന്നും അദ്ദേഹം മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ അസുഖത്തെകുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ഇര്‍ഫാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം സുഖമായി താമസിക്കുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രി അതികൃതര്‍ വ്യക്തമാക്കി.