മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ ഉമ്മയ്ക്ക് ആശംസ നേർന്നിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.
ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദുൽഖർ ആശംസ കുറിപ്പ് ഷെയർ ചെയ്തത്. “പിറന്നാൾ ആശംസകൾ മാ. ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നാണ് നമ്മുടെ വീട്ടിലെ കേക്ക് മുറികളുടെ ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു സമയം കൂടിയാണിത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളതു കൊണ്ട് വർഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്കുറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. “
“ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് സത്യം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഇതു നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ” ദുൽഖർ കുറിച്ചു.
തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് ദുൽഖർ സല്‍മാന്‍ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോൾ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്. ഉമ്മയ്‌ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും ദുൽഖർ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കിങ്ങ് ഓഫ് കൊത്ത’ യുടെ തിരക്കിലാണിപ്പോൾ ദുൽഖർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. അഭിനയത്തിൽ മാത്രമല്ല നിർമാണ മേഖലയിലും സജീവമാണ് ദുൽഖർ. താരത്തിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രം ‘അടി’ വിഷു റിലീസമായി എത്തിയിരുന്നു. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.