മലയാളികളുടെ ഡിക്യുവിന്, കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാള്‍. മറ്റു പിറന്നാളുകള്‍ പോലയല്ല, ദുല്‍ഖറിന്റെ ഈ പിറന്നാളിനൊരു പ്രത്യേകതയുണ്ട്. മറിയം അമീറ സല്‍മാന്റെ അച്ഛനായതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണിത്. താരജാഡകളില്ലാത്ത താരപുത്രനാണ് ദുല്‍ഖർ സല്‍മാന്‍. മലയാളത്തിന്റെ സ്വന്തം മമ്മൂക്കയുടെ മകന്‍ വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാളികളുടെ സ്വന്തം കുഞ്ഞിക്കയാകുന്നത്.
2012ല്‍ സിനിമയിലെത്തിയ ദുല്‍ഖറിന്റെ 22 സിനിമകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ദ്വിഭാഷയും (വായ്മൂടി പേസവും, സംസാരം ആരോഗ്യത്തിന് ഹാനികരം) മറ്റൊന്ന് തമിഴുമായിരുന്നു (ഓകെ കണ്‍മണി). പ്രകടനമികവ് കൊണ്ട് വ്യത്യസ്തമായ ദുല്‍ഖറിന്റെ ചില കഥാപാത്രങ്ങള്‍.
സെക്കന്‍ഡ് ഷോ
മമ്മൂട്ടി എന്ന നടന്റെ, അതിലപ്പുറം മലയാളസിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളുടെ, മകന്‍ എന്ന നിലയില്‍ ഏതെങ്കിലും വലിയ സംവിധായകന്റെയോ നിര്‍മാതാവിന്റെയോ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാമായിരുന്നു ദുല്‍ഖറിന്. എന്നാല്‍ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയിലൂടെ അഭിനയജീവിതം ആരംഭിക്കുവാന്‍ ആണ് ദുല്‍ഖര്‍ തീരുമാനിച്ചത്. നമ്മള്‍ പിന്നീട് കണ്ട കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയിലെ ലാലു എന്ന കഥാപാത്രം. ചിത്രത്തില്‍ സണ്ണി വെയ്നും ഗൗതമി നായരും ദുല്‍ഖറിന്റെ കൂടെ അഭിനയിച്ചിരുന്നു.
Read More: അഞ്ചുവര്‍ഷം; ദുല്‍ഖര്‍ സമ്മാനിച്ച ഹിറ്റുകള്‍
ഓകെ കണ്‍മണി
ദുല്‍ഖറിനേയും നിത്യാമേനോനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഓകെ കണ്‍മണി. വായ് മൂടി പേസവും എന്ന ആദ്യ തമിഴ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിച്ച സിനിമ. ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിലും, പ്രത്യേകിച്ച് തമിഴിലും വലിയ ബ്രേക്ക് നല്‍കിയ സിനിമ കൂടിയാണിത്.
ബാംഗ്ലൂര്‍ ഡെയ്സ്
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മൂന്ന് നായകന്മാരുണ്ടായിട്ടും പ്രേക്ഷക ഹൃദയം കീഴടക്കിയത് ദുല്‍ഖര്‍ അവതരിപ്പിച്ച അജു എന്ന അര്‍ജുന്റെ കഥാപാത്രമായിരുന്നു. നിവിന്‍ പോളിയും ഫഹദ് ഫാസിലുമായിരുന്നു ചിത്രത്തിലെ മറ്റ് രണ്ട് താരങ്ങള്‍. ബൈക്ക് റെയ്സിംഗില്‍ കമ്പക്കാരനായ അര്‍ജുന്‍ ദുല്‍ഖറിന്റെ മറ്റ് കഥാപാത്രങ്ങളില്‍നിന്ന് വേറിട്ട്നിന്നു. ഈ ചിത്രത്തിലെ ദുല്‍ഖറിന്റെ ഡയലോഗുകളും പാട്ടുകളും ഹിറ്റായിരുന്നു. ദുല്‍ഖര്‍-പാര്‍വ്വതി താരജോഡിയും ഇവിടെ ക്ലിക്ക് ആയി.
Read More: ദുൽഖറും ‘ഞാനും’
ഞാന്‍
രഞ്ജിത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷത്തിലഭിനയിച്ചു 2014 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഞാന്‍. ടി.പി. രാജീവന്റെ കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍, അതുവരെ കണ്ട ദുല്‍ഖര്‍ സല്‍മാനെയല്ല, ഇരുത്തം വന്നൊരു നടനെയാണ് ചിത്രത്തിൽ പ്രേക്ഷകര്‍ കണ്ടത്. കെ.ടി.എന്‍ കോട്ടൂര്‍ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖര്‍ എന്ന ബ്ലോഗറായും ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഞാന്‍.
ചാര്‍ലി
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി തിയേറ്ററുകളില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച ഒരു ചിത്രമാണ്. പ്രണയത്തിന്റേയും യുവത്വത്തിന്റേയും ആഘോഷമായിരുന്നു ചാര്‍ലി. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമാണ് ചാര്‍ലി. ഈ ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെ തേടിയെത്തിയത്. ചാര്‍ലി സ്‌റ്റൈലും ഏറെ തരംഗമായിരുന്നു ആ സമയത്ത്. ചാര്‍ലിയായി ദുല്‍ഖറും ടെസ്സയായി പാര്‍വതിയും കനിയായി അപര്‍ണ്ണ ഗോപിനാഥും സുനിക്കുട്ടനായി സൗബിനും തകര്‍ത്തഭിനയിച്ച ചിത്രം.
Read More: ദുല്‍ഖര്‍ നാടു വിട്ടിട്ടുണ്ട്… ഒന്നല്ല പലതവണ
കമ്മട്ടിപ്പാടം
ദുല്‍ഖറിന്റെ സിനിമ കരിയറിലെ എടുത്തു പറയേണ്ട മറ്റൊരു ചിത്രമാണ് കമ്മട്ടിപ്പാടം. കൃഷ്ണന്‍ എന്ന കഥാപാത്രമായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മൂന്ന് കാലഘട്ടങ്ങളെയും അതിന് അനിവാര്യമായ മാറ്റങ്ങളും വരുത്തി, പക്വതയുള്ള അഭിനയം കാഴ്ച വച്ചു.
നായകന്‍ മാത്രമല്ല, ഒരു ഗായകനും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആറ് പാട്ടുകളാണ് ഇതേവരെ ഡിക്യു പാടിയത്. എബിസിഡിയിലെ ജോണീ മോനേ ജോണീ, മംഗ്ലീഷിലെ ഇംഗ്ലീഷ് മംഗ്ലീഷ്, ചാര്‍ലിയെ ചുന്ദരിപ്പെണ്ണേയും അമ്പിളികുന്നത്താണെന്റെ എന്ന പാട്ടുകള്‍, സിഐഎയില്‍ വാനം തിളതിളയ്ക്കണ്, കേരള മണ്ണിനായ് എന്നീ പാട്ടുകളും ദുല്‍ഖര്‍ പാടി.