ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മകളുടെ പിറന്നാളായിരുന്ന ഇന്നലെ ആശംസകൾ അറിയിച്ച് ദുൽഖർ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിദേശത്തെവിടെയോ യാത്ര പോയ സമയത്ത് പകർത്തിയ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. മകൾക്കൊപ്പം ഭാര്യ അമാലിനെയും ചിത്രങ്ങളിൽ കാണാം. സ്വപ്നങ്ങളെത്തി പിടിക്കാൻ താനെന്നും മകളുടെ കൂടെയുണ്ടാകുമെന്നാണ് പിറന്നാൾ ദിനത്തിൽ ദുൽഖർ നൽകിയ സന്ദേശം.
-
ദുൽഖർ സൽമാൻ/ ഇൻസ്റ്റഗ്രാം
-
ദുൽഖർ സൽമാൻ/ ഇൻസ്റ്റഗ്രാം
-
ദുൽഖർ സൽമാൻ/ ഇൻസ്റ്റഗ്രാം
“എന്റെ രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. നീ അത്ഭുതമാണ്, സന്തോഷമാണ്, സ്നേഹമാണ്. രണ്ടു കാലുകളിൽ നടക്കുന്ന എന്റെ ഹൃദയമാണ് നീ. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. നക്ഷത്രങ്ങളെ നിനക്ക് തൊടാൻ സാധിക്കുന്നതു വരെ ഞാൻ നിന്നെ ഉയർത്തും. പക്ഷെ, നിന്നെ നല്ലവണ്ണം അറിയാവുന്നതു കൊണ്ടു തന്നെ എനിക്കറിയാം അത് ഒറ്റയ്ക്ക് ചെയ്യാനായിരിക്കും നീ ആഗ്രഹിക്കുക. നിന്റേതായ രീതിയിൽ, കൃത്യതയോടെ. എന്റെ കുഞ്ഞിന് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” ദുൽഖർ കുറിച്ചു.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മകൾ ജനിച്ചപ്പോൾ ആ വിവരം ഫെയ്സ്ബുക്കിലൂടെയാണ് ദുൽഖർ ആരാധകരെ അറിയിച്ചത്. ”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നുമാണ്” ദുൽഖർ ട്വീറ്റ് ചെയ്തതത്. കഴിഞ്ഞ ദിവസമായിരുന്നു ഉമ്മ സുഫത്തിന്റെ പിറന്നാൾ. ആശംസകളറിയിച്ച് ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രം ദുൽഖർ പങ്കുവച്ചിരുന്നു.
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കിങ്ങ് ഓഫ് കൊത്ത’ യുടെ തിരക്കിലാണിപ്പോൾ ദുൽഖർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. അഭിനയത്തിൽ മാത്രമല്ല നിർമാണ മേഖലയിലും സജീവമാണ് ദുൽഖർ. താരത്തിന്റെ നിർമാണത്തിൽ ഒരുങ്ങിയ ചിത്രം ‘അടി’ വിഷു റിലീസമായി എത്തിയിരുന്നു. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.