2023ലെ ബിബിസി ടോപ്പ്ഗിയർ പുരസ്കാരവും സ്വന്തമാക്കി ദുൽഖർ സൽമാൻ. പെട്രോൾഹെഡ് ആക്ടറിനുള്ള പുരസ്കാരമാണ് താരം നേടിയത്. കാറുകളോടുള്ള താരത്തിന്റെ പ്രിയം അറിയാത്തവർ കുറവായിരിക്കും. സോഷ്യൽ മീഡിയയിലൂടെ തന്റെ ശേഖരത്തിലുള്ള കാറുകൾ ദുൽഖർ പരിചയപ്പെടുത്തിയിരുന്നു.
പുരസ്കാരം സംഘടിപ്പിച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പ് താരം പങ്കുവച്ചു. കാർ പ്രേമി കൂടിയായ തനിക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നെന്നാണ് ദുൽഖർ പറയുന്നത്. തന്നെ പോലെ കാറിനോടും ബൈക്കുകളോടും ഇഷ്ടമുള്ള ഒട്ടനവധി ആളുകളെ പരിചപ്പെടാൻ സാധിച്ചെന്നും താരം പറയുന്നു. കുറിപ്പിനൊപ്പം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. വാഹനങ്ങളുടെ റിവ്യൂകളും മറ്റും പറയുന്ന പരിപാടിയാണ് ടോപ്പ് ഗിയർ. ഇതേ പേരിൽ തന്നെ ഒരു മാസികയുമുണ്ട്.
ഈയടുത്താണ് ദാദാസാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ദുൽഖർ പുരസ്കാരം കരസ്ഥമാക്കിയത്. മികച്ച വില്ലൻ വിഭാഗത്തിലായിരുന്നു താരത്തിന് അംഗീകാരം. ചുപ് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.
സൈക്കോ ത്രില്ലർ ചിത്രമായ ചുപ്പിലെ ഡാനി എന്ന ദുൽഖർ കഥാപാത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിഗൂഢതകൾ ഏറെയുള്ള ദുൽഖർ കഥാപാത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് ചുപ്പ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ‘കിങ്ങ് ഓഫ് കൊത്ത’ ആണ് ദുൽഖറിന്റെ പുതിയ ചിത്രം.