ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ബ്രോ ഡാഡി. ജനുവരി അവസാനം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് തന്നെയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നാല് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ലൊക്കേഷനിൽ എത്തി പൃഥ്വിരാജിനെയും സംഘത്തിനെയും കാണുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കല്യാണി പ്രിയദര്ശന്, മീന, ജഗദീഷ്, ലാലു അലക്സ്, കനിഹ എന്നിവരെയും വീഡിയോയിൽ കാണാം.
ശ്രീജിത്ത് ബിബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഒരു ഫൺ ഫാമിലി എന്റർടൈനറായെത്തിയ ചിത്രത്തിലെ ലാലു അലക്സിന്റെ കഥാപാത്രത്തിന് വലിയ രീതിയിൽ കയ്യടി ലഭിച്ചിരുന്നു.
ഷാജി കൈലാസ് ചിത്രമായ ‘കടുവ’യും ഡിജോ ജോസ് ആന്റണിയുടെ ‘ജന ഗണ മന’യുമാണ് പൃഥ്വിരാജിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുൽഖറിന്റെ ഉടൻ പുറത്തിറങ്ങുന്ന ചിത്രം. മാർച്ച് 18ന് ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: സിദ്ദിഖിന്റെ മകന്റെ വിവാഹത്തിന് എത്തിയ താരങ്ങൾ; വീഡിയോ