പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ‘കുറുപ്പ്’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.
ഇപ്പോഴിതാ, ‘കുറുപ്പി’ന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദുൽഖറും കുഞ്ഞു മറിയവും അമാലും മനോഹര കാഴ്ച നേരിട്ടു കാണാൻ ദുബായിയിൽ എത്തിയിരുന്നു. അതിനു പിന്നാലെ ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബുർജ് ഖലീഫയിൽ സിനിമയുടെ ട്രെയിലർ തെളിഞ്ഞത് അഭിമാന നിമിഷമാണെന്ന് ദുൽഖർ പറഞ്ഞു. താനോ അണിയറ പ്രവർത്തകരോ ഇത് പ്രതീക്ഷിച്ചിരുന്നതല്ല. ഒരിക്കലും സാധ്യമാകുന്ന ഒന്നാണിതെന്ന് കരുതിയിരുന്നില്ലെന്നും ദുൽഖർ പറഞ്ഞു.
ഒരു മിനിറ്റ് നാലു സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. ദുൽഖറിനൊപ്പം സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും മനോഹര ദൃശ്യം കാണാൻ എത്തിയിരുന്നു.
Also Read: കുറുപ്പ് പ്രമോഷനിടെ ദുൽഖറിന്റെ മാസ് എൻട്രി; വീഡിയോ
മൂത്തോൻ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ കൂടിയായ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.