എബിസിഡി എന്ന ചിത്രം മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ദുൽഖറിനൊപ്പം സഹതാരമായി അഭിനയിച്ച ജേക്കബ് ഗ്രിഗറി ജീവിതത്തിലും ദുൽഖറിന്റെ പ്രിയ സുഹൃത്തുക്കളിൽ ഒരാളാണ്. ദുൽഖറിന്റെ കുടുംബവുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഗ്രിഗറി.
കൂട്ടുകാരന്റെ പിറന്നാൾ ദിനത്തിൽ ദുൽഖർ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “മറിയയുടെ ഗ്രെഗ് അങ്കിളിന് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. അവളോടൊപ്പം കളിക്കാനും ചെലവഴിക്കാനും സമയം കണ്ടെത്തുന്നതിനും എല്ലായ്പ്പോഴും അവിടെ ഉണ്ടായിരിക്കുന്നതിനും നിന്നെ ഞങ്ങൾ വളരെയധികം സ്നേഹിക്കുന്നു,” ദുൽഖർ കുറിക്കുന്നു. മറിയയ്ക്ക് ഒപ്പം ഒളിച്ചുകളിക്കുന്ന ഗ്രിഗറിയുടെ ഒരു വീഡിയോയും ദുൽഖർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
നടി നസ്രിയയും ഗ്രിഗറിയ്ക്ക് ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
അക്കരകാഴ്ചകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ ഗ്രിഗറി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘എബിസിഡി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സലാല മൊബൈൽസ്, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളിലും ദുൽഖറിനൊപ്പം ഗ്രിഗറി സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. ദുൽഖർ സൽമാൻ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രത്തിലും ഗ്രിഗറി ആയിരുന്നു നായകൻ.
സച്ചിൻ, 1983, എന്നും എപ്പോഴും, 100 ഡേയ്സ് ഓഫ് ലവ്, ചിറകൊടിഞ്ഞ കിനാവുകൾ, ലോർഡ് ലിവിംഗ്സൺ 7000 കണ്ടി, കരിങ്കുന്നം സിക്സസ്, പറവ, പോക്കിരി രാജ, ഉണ്ട എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഗ്രിഗറിയ്ക്ക് സാധിച്ചു. ജിബൂട്ടിയാണ് ഒടുവിൽ റിലീസിനെത്തിയ ഗ്രിഗറി ചിത്രം.