മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനും നടനുമാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ദുൽഖർ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ദുൽഖറിന്റെയും ഭാര്യ അമാലിന്റെയും വിവാഹവാർഷികമായിരുന്നു ഇന്നലെ. പ്രിയപ്പെട്ടവരുടെ പിറന്നാളിനും മറ്റു വിശേഷദിവസങ്ങൾക്കും ആശംസകളറിയിച്ചു കൊണ്ട് പോസ്റ്റ് പങ്കുവയ്ക്കുന്ന ദുൽഖർ പക്ഷെ ഇന്നലെ വളരെ വൈകിയാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസം വളരെ ‘ക്രേസി’യായിരുന്നു എന്നാണ് താരം അതിനു കാരണമായി പറഞ്ഞത്. പുതിയ ചിത്രമായ ‘കിങ്ങ് ഓഫ് കൊത്ത’ യുടെ ഷൂട്ടിന്റെ ഭാഗമായി തിരക്കിലാണിപ്പോൾ ദുൽഖർ. കൂടുതലും നൈറ്റ് ഷൂട്ടുകളാണെന്നാണ് പുറത്തുവരുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
“സമയം ഇത്ര വേഗം എങ്ങോട് പോയെന്ന് എനിക്കറിയില്ല. എപ്പോഴാണ് എന്റെ താടി നരച്ച് തുടങ്ങിയതെന്നും അറിയില്ല. നീ ഇപ്പോൾ സ്‌ക്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയാണ്. നമ്മൾ സ്വന്തമായി ഒരു വീട് വാങ്ങിച്ചു. ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ നേട്ടങ്ങളെല്ലാം മറ്റൊരാളുടെ കഥയായിട്ടാണ് എനിക്ക് തോന്നുന്നത്” ദുൽഖർ കുറിച്ചു.
അമാലിനൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവച്ചിട്ടുണ്ട്.താരങ്ങളായ അഹാന കൃഷ്ണ, കല്യാണി പ്രിയദർശൻ, മൃണാൾ ഠാക്കൂർ, കാജൾ അഗർവാൾ, നൈല ഉഷ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.
2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്. ‘സീതാരാമം’, ‘ചുപ്പ്’ എന്ന മറ്റു ഭാഷാ ചിത്രങ്ങൾക്കു ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ‘കിങ്ങ് ഓഫ് കൊത്ത’യിലൂടെ. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കൽ, ഗോകുൽ സുരേഷ്, നൈല ഉഷ, ഷമ്മി തിലകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.