സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും സഹോദരതുല്യമായൊരു ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടിയുടെ സഹോദരന്മാരെ പോലെതന്നെ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും ആ അടുപ്പവും സാഹോദര്യവുമെല്ലാം കാത്തു സൂക്ഷിക്കുന്നുണ്ട്.
ഇപ്പോഴിതാ, മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകത്തിന് ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
“എന്റെ ഓർമകളിൽ മായയെ കുറിച്ചുള്ള ആദ്യത്തെ ഓർമ, ചെന്നൈയിലെ താജ് ഹോട്ടലിൽ നടന്ന അവളുടെ ആദ്യത്തെ പിറന്നാൾ പാർട്ടിയാണ്. അതൊരു വലിയ പാർട്ടിയായിരുന്നു, മായയുടെ അച്ഛനുമമ്മയും സമ്മാനിച്ച മനോഹരമായ ഗോൾഡൻ ഉടുപ്പിൽ അതിസുന്ദരിയായിരുന്നു അവൾ. രാത്രി കടന്നുപോകവേ പിറന്നാൾ കുട്ടിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു, അവൾ ഉറങ്ങിയെന്ന്. ആ വലിയ പാർട്ടിയ്ക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓർക്കാറുണ്ട്.”
“ഇന്നവൾ വളർന്ന് വലുതായിരിക്കുന്നു, അവളുടെ വഴി വെട്ടിത്തെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ കവിതകൾ, ചിന്തകൾ, ഡൂഡിൽ, ആർട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസ്സിനെയും അനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകൾ നിങ്ങൾക്ക് സമ്മാനിക്കും.”
“എല്ലാ ആശംസകളും മായാ… പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോർത്ത് അഭിമാനിക്കും.
ഒരുപാട് സ്നേഹത്തോടെ
ചാലു ചേട്ടൻ,” ദുൽഖർ കുറിച്ചതിങ്ങനെ.
“ഈ പുസ്തകത്തിന്റെ സക്സസ് പാർട്ടിയിക്ക് ഇടയിൽ എങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത്,” എന്നും ദുൽഖർ കുറിക്കുന്നു.
View this post on Instagram
മുൻപ് വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി മോഹൻലാലും പ്രണവും രംഗത്തു വന്നിരുന്നു.
മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു.
Read More: ആ ദിവസം ഞാൻ അഭിനയം നിർത്തും; മോഹൻലാൽ പറയുന്നു
വാലന്റൈൻസ് ദിനത്തിലാണ് വിസ്മയയുടെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.