പ്രിയപ്പെട്ടവർക്ക് ഹൃദയം കൊണ്ട് ആശംസ അർപ്പിക്കുന്ന താരമാണ് ദുൽഖർ സൽമാൻ. പ്രിയപ്പെട്ടവരുടെ പിറന്നാൾ ദിനങ്ങളിൽ ദുൽഖർ പങ്കുവയ്ക്കുന്ന ആശംസാകുറിപ്പുകളിലെല്ലാം ആ സ്നേഹവും ഊഷ്മളതയും പ്രകടമാകാറുണ്ട്. മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
“എന്റെ ഓർമയിൽ, എപ്പോഴും നിങ്ങളുടെ സമയത്തെക്കുറിച്ച് ബോധവാനായിരുന്നു ഞാൻ. എല്ലായ്‌പ്പോഴും നിങ്ങളുടെ സമയത്തിന് വിലകൽപ്പിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മിക്കപ്പോഴും, ഇത് വളരെ പ്രധാനപ്പെട്ടതും നിങ്ങളുടെ സമയത്തിനെ വിലമതിക്കുന്നതുമാണെന്ന് എനിക്ക് തോന്നുമ്പോൾ മാത്രമേ ഞാൻ വിളിക്കൂ. ഞാൻ ഒരിക്കലും പറയില്ല, നമുക്ക് ഒരു ഫോട്ടോ എടുക്കാം അല്ലെങ്കിൽ ഒരു സെൽഫി എടുക്കാമെന്ന്. കാരണം നിങ്ങൾ പോകുന്നിടത്തെല്ലാം ഇത് നിരന്തരമായ അഭ്യർത്ഥനയാണെന്ന് എനിക്കറിയാം. ഇതെന്റെ ഭാഗത്തുനിന്നുള്ള ഒരു വിഢ്ഢിത്തമാനാം, പക്ഷേ ഞാൻ എല്ലായ്പ്പോഴും അമിതമായി ചിന്തിക്കുന്നൊരാളാണ്, ഉമ്മ എപ്പോഴുമെന്നെ ശകാരിക്കുന്ന ഒരു കാര്യമാണത്.
എല്ലാ വർഷവും, നിങ്ങളുടെ ജന്മദിനത്തിൽ, അമിതമായി ചിന്തിക്കുന്നത് നിർത്തി നമുക്ക് ഒരുമിച്ച് ചിത്രങ്ങൾ വേണമെന്ന് ഞാൻ നിർബന്ധിക്കുന്ന ദിവസമാണ്. ഈ വർഷം നമ്മളൊരുമിച്ചുള്ള ചിത്രത്തിനായി തയ്യാറെടുക്കുമ്പോൾ, ഒരു കാൻഡിഡ് വേണമെന്ന് ഞാൻ തീരുമാനിച്ചു, ഷാനി ആ നിമിഷം പകർത്തി.
ഞാൻ പൂർണമായി ജീവിക്കുന്ന നിമിഷങ്ങളാണിത്. വീട്ടിൽ നമ്മൾ മാത്രം. നമ്മൾ പലപ്പോഴും നമ്മളുടെ സിനിമകളുടെ ഷൂട്ടിംഗുമായി വിവിധ നഗരങ്ങളിലാണെങ്കിലും, ഞാൻ വീട്ടിൽ വരുമ്പോൾ സമയം നിശ്ചലമായതായി എനിക്ക് തോന്നുന്നു. അച്ഛന് ജോലിയിൽ നിന്ന് ഒരു ദിവസം അവധി കിട്ടുമ്പോൾ ആ സമയത്തിന് വിലമതിക്കുന്ന കുട്ടിയാണ് ഞാൻ.
നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു പാ. നിങ്ങളാണ് ഞങ്ങളുടെ എല്ലാം,” ദുൽഖർ കുറിക്കുന്നു.