Latest News

എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം നാം ഒന്നാണ്: ഈദ് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

താന്‍ ഉള്‍പ്പടെ കേരളത്തില്‍ ഇല്ലാത്ത പലരും കേരളത്തിനെ സഹായിക്കാനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്, അവരെ അവഗണിക്കരുത് എന്നും ദുല്‍ഖര്‍ സല്‍മാന്‍

Dulquer Salmaan wishes Eid hails Kerala's spirit of oneness
Dulquer Salmaan wishes Eid hails Kerala's spirit of oneness

“ഇന്നീ ഈദ് ദിനത്തില്‍, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരോട് പറയാനുള്ളത്” എന്നാണ് പ്രളയ ദുരിതത്തിലാണ്ട കേരളത്തിന്‌ ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള തന്റെ കുറിപ്പ് ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങുന്നത്.

“മലയാള സിനിമയിലെ മാത്രമല്ല ജീവിതത്തിലെ നാനാതുറകളില്‍ പെട്ടവര്‍ക്കും – ആര്‍മി, നേവി, ഡോക്ടര്‍മാര്‍, നഴ്സുമാർ, മത്സ്യത്തൊഴിലാളികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍, വിദ്യാര്‍ഥികള്‍, ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍, എല്ലാറ്റിനുമുപരി, ഇന്ത്യയില്‍ നമ്മള്‍ സാധാരണക്കാരന്‍ എന്ന് വിളിക്കപ്പെടുന്ന അനേകം പേര്‍ – എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ നിങ്ങളുടെ അശ്രാന്ത പരിശ്രമവും ഇച്ഛാശക്തിയുമാണ്‌ കേരളത്തെ രക്ഷപ്പെടുത്തി, കരയ്ക്കടുപ്പിച്ചത്.

 

എന്നെപ്പോലെ തന്നെ ഈ സമയത്ത് കേരളത്തില്‍ ഇല്ലാതെ പോയ പലരും – മിഡില്‍ ഈസ്റ്റ്‌, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗത്തും പെട്ട് പോയവര്‍ – ഈ അവസ്ഥയെക്കുറിച്ച് ഉത്കണ്ഠയുള്ളവരാണ്. കേരളത്തിലേക്ക് പണം അയക്കുക, ഫണ്ട്‌ സമാഹരിക്കുക, സാധനങ്ങള്‍ എത്തിക്കുക തുടങ്ങി പല തരത്തില്‍ സഹായിക്കാന്‍ ശ്രമിക്കുന്നവരാണ് അവരെല്ലാം തന്നെ. ദയവായി അവരെ അവഗണിക്കാതിരിക്കൂ. ഒരാള്‍ വിചാരിച്ചാല്‍ രക്ഷപ്പെടുത്താവുന്ന ഒരവസ്ഥയിലല്ല കേരളം. എന്നാല്‍, ഓരോരുത്തരും വിചാരിച്ചു ഒന്ന് ചേര്‍ന്നാല്‍ അത് സാധിക്കും. ഈ ദുരിത സമയത്ത് വെളിവായിരിക്കുന്ന ഏറ്റവും സന്തോഷകരമായ കാര്യമെന്തെന്നാല്‍, എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം നാം ഒന്നാണ് എന്ന തിരിച്ചറിവാണ്.

ജാതിയോ മതമോ നാം ഇപ്പോള്‍ കാണുന്നില്ല. സുന്ദരമായ ഈ സംസ്ഥാനത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ചയും അത് തന്നെ. നമ്മള്‍ ഒന്നാണ് എന്ന ചിന്ത, നമുക്ക് വേണ്ടി നാം ഒരുമിച്ച് എന്നതും”, ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ദുല്‍ഖറും മമ്മൂട്ടിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. ദുല്‍ഖര്‍ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമാണ് നല്‍കിയത്.  സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയായ ഈ അവസരത്തില്‍ നാട്ടിലുണ്ടാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും എന്തു സഹായം ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണമെന്നും കഴിയുന്നത് ചെയ്യുമെന്നും പറഞ്ഞ ദുല്‍ഖറിന് നേരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടായിരുന്നു.   തനിക്കാരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും, ശാരീരികമായി അവിടെ ഇല്ല എന്നതിന്റെ അര്‍ത്ഥം താന്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നല്ലെന്നും ദുല്‍ഖര്‍ മറുപടി പറഞ്ഞു.

Read More: ആരെയും ഒന്നും ബോധിപ്പിക്കേണ്ട; ഇവിടെയില്ല എന്നതുകൊണ്ട് സഹായിക്കില്ലെന്നും അര്‍ത്ഥമില്ല: ദുല്‍ഖര്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan wishes eid hails keralas spirit of oneness

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com