പ്രിയപ്പെട്ടവരുടെയെല്ലാം ജന്മദിനം ഓർത്തുവയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് ദുൽഖർ സൽമാൻ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പിറന്നാൾ ദിനത്തിൽ ദുൽഖർ പങ്കുവയ്ക്കുന്ന ഹൃദയസ്പർശിയായ കുറിപ്പുകൾ പലപ്പോഴും ആരാധകരുടെ ശ്രദ്ധ കവരാറുണ്ട്. പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ വാക്കുകൾക്ക് ഒരിക്കലും പിശുക്കു കാണിക്കാറില്ല ദുൽഖർ. ഇന്ന് ദുൽഖറിന്റെ ജീവിതപങ്കാളി അമാൽ സൂഫിയയുടെ വിവാഹമാണ്. അമാലിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
“എന്റെ പ്രിയപ്പെട്ട ആം, ജന്മദിനാശംസകൾ നേരുന്നു!
നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇത് അടയാളപ്പെടുത്തുന്നു. കാലം ഇത്രവേഗം എവിടെയാണ് പോയത്? എനിക്ക് പ്രായമാകുകയാണ്, പക്ഷേ നീ അതുപോലെ തന്നെയിരിക്കുന്നു. ഞാൻ നിരന്തരം അകലെയായിരിക്കുമ്പോഴും എല്ലാം മനോഹരമായി കൈകാര്യം ചെയ്യുന്നതിന് നന്ദി. മാരിക്ക് ഒരു രക്ഷിതാവ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്, ഇരട്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്. ഞങ്ങളുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീയെഴുതാൻ സഹായിച്ച എല്ലാ പുതിയ അധ്യായങ്ങൾക്കും…. എന്നെന്നേക്കുമായി എനിക്കൊപ്പമൊരു ലോകം കണ്ടെത്തിയതിന്…
നിനക്കേറ്റവും മികച്ച ജന്മദിനം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീയാഗ്രഹിക്കും പോലെ. ലളിതവും മധുരവുമായി, നിന്റെ പ്രിയപ്പെട്ട ആളുകളാൽ ചുറ്റപ്പെട്ട, സ്നേഹം നിറഞ്ഞ ഒരു ജന്മദിനം. വീണ്ടും ജന്മദിനാശംസകൾ ബൂ. ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു!,” ദുൽഖർ കുറിക്കുന്നു.
2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്.