ഒരു പിടിയല്ല അതിലുമധികം വിശേഷങ്ങളാണ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളെക്കുറിച്ച് ദുൽഖർ സൽമാൻ തന്റെ ജന്മദിനത്തിൽ പങ്കുവച്ചത്. ഒരു തെലുങ്കു പടം അടക്കം തന്രെ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് സിനിമകളുടെ പുതിയ പോസ്റ്ററുകളാണ് ഡിക്യു തന്റെ ജന്മദിനമായ ജൂലൈ 28ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ആരാധകർ ഏറെ കാത്തിരിക്കുന്ന ദുൽഖർ ചിത്രങ്ങളായ കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെയും പുതുതായി പ്രഖ്യാപിച്ച ഓതിരം കടകം കിങ് ഓഫ് കൊത്ത എന്നിവയുടെയും പേരിടാത്ത തെലുഗു ചിത്രത്തിന്റെയും പോസ്റ്ററുകളാണ് താരം പങ്കുവച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ദുൽഖർ സൽമാൻ ചത്രമായ ‘കുറുപ്പ്’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുക. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കൻഡ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്.
കുറുപ്പിന്റെ ഏറ്റവും പുതിയ പോസ്റ്ററിൽ മുൻ പോസ്റ്ററുകളിലേതിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് ഡിക്യുവിനെ കാണാനാവുന്നത്. “നിങ്ങൾക്കെല്ലാം കാണാനായി ചിത്രം ഉടൻ റിലീസിനെത്തും,” എന്ന് പോസ്റ്ററിനൊപ്പമുള്ള അടിക്കുറിപ്പിൽ ദുൽഖർ പറയുന്നു.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രത്തിന് ദുൽഖർ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്. ദുൽഖറിന്റെ മുഖം മാത്രം കാണുന്ന വിധത്തിലുള്ള പോസ്റ്ററാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
Read More: ദുൽഖർ ചിത്രം ‘കുറുപ്പ്’ അഞ്ച് ഭാഷകളിൽ റിലീസിനെത്തും
സിനിമ ഇപ്പോൾ അടുത്ത് പൂർത്തീകരിച്ചതേ ഉള്ളൂ എന്നും വളരെ നല്ല അനുഭവമായിരുന്നു എന്നും പോസ്റ്റററിനൊപ്പം ദുൽഖർ കുറിക്കുന്നു.
ദുൽഖറിനെ നായകനാക്കി നടനും സംവിധായകനുമായ സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓതിരം കടകം’. സൗബിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഓതിരം കടകം’. ആദ്യ ചിത്രമായ പറവയിൽ ഡിക്യു അതിഥി വേഷത്തിൽ എത്തിയിരുന്നു.
സൗബിനെക്കുറിച്ചും പറവയെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചുമുള്ള ഒരു കുറിപ്പും ദുൽഖർ പോസ്റ്ററിനൊപ്പം പങ്കുവച്ചു.
“മികച്ച സൗന്ദര്യബോധവും സിനിമയെക്കുറിച്ച് ആഴത്തിലുള്ള ശ്രദ്ധയുമുള്ള ആളാണ് സൗബി എന്ന് എന്നോ അറിയാം. പറവയെക്കുറിച്ചുള്ള തന്റെ ആശയം അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ, എനിക്കറിയാമായിരുന്നു ഞാൻ ഏതെങ്കിലും വിധത്തിൽ അതിന്റെ ഭാഗമാകണമെന്ന്! അദ്ദേഹം ഒരു പ്രത്യേകതയുള്ള സിനിമ ചെയ്യുമെന്ന് എന്റെയുള്ളിൽ അറിയാമായിരുന്നു,” ദുൽഖർ കുറിച്ചു.
“ഇന്നുവരെയുള്ളതിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഇമ്രാൻ. അദ്ദേഹം തന്റെ അടുത്ത സിനിമയിൽ എനിക്കുള്ള ഒരു മുഴുനീള റോളിനെക്കുറിച്ച് ചർച്ചചെയ്തു. എനിക്കറിയാം, അദ്ദേഹത്തിന്റെ കൈകളിൽ ഞാൻ മുമ്പ് ചെയ്‌തിട്ടില്ലാത്ത കഥാപാത്രങ്ങളുണ്ടാവുമെന്ന്. എന്റെ മച്ചൻ സൗബിൻ സംവിധായകന്റെ തൊപ്പി ധരിച്ച എന്റെ രണ്ടാമത്തെ സിനിമയാണിത്, ചിത്രീകരണം ആരംഭിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു,” ഡി ക്യു കുറിച്ചു.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ്ങ് ഓഫ് കൊത്ത,’ എന്ന ചിത്രത്തിന്റെ ഡാർക്ക് ഷെയ്ഡിലുള്ള ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഡി ക്യു പങ്കുവച്ചത്. കൈയിൽ തോക്കേന്തി പിറകിലേക്ക് തിരിഞ്ഞ് നോക്കുന്ന തരത്തിലാണ് പോസ്റ്ററിൽ ദുൽഖറിന്റെ കഥാപാത്രത്തെ കാണാനാവുക.
പോസ്റ്ററിനൊപ്പം നൽകിയ കുറിപ്പിൽ ദുൽഖർ ഈ ചിത്രത്തെക്കുറിച്ചും ജന്മദിനത്തിൽ പുതിയ പോസ്റ്ററുകൾ പങ്കുവയ്ക്കാനും പുതിയ സിനിമകൾ പ്രഖ്യാപിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തെക്കുറിച്ചും പറയുന്നു. തന്റെ ഡ്രീം പ്രോജക്ടാണ് ഈ സിനിമ എന്നും താരം പറയുന്നു.
“എന്റെ ജന്മദിനം ഞാൻ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം, ഈ ആവേശകരമായ പുതിയ പ്രോജക്റ്റുകളും പോസ്റ്ററുകളും നിങ്ങളുമായി പങ്കിടാൻ എനിക്ക് കഴിയുന്നു എന്നതാണ്,” ദുൽഖർ കുറിച്ചു.
“എന്റെ ആദ്യ സുഹൃത്ത് അഭിലാഷ് ജോഷിയുമൊത്തുള്ള ഒരു ഡ്രീം പ്രോജക്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ. ഡയപ്പർ ധരിക്കുന്ന മുതൽ ഞങ്ങൾ പരസ്പരം അറിയുന്നവരാണ്, ഒപ്പം സിനിമ, കാറുകൾ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയോടുള്ള പൊതുവായ താൽപര്യത്തോടെയാണ് ഞങ്ങൾ വളർന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനായുള്ള മികച്ച പ്രോജക്റ്റ് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയായിരുന്നു. അവസാനമായി, ഞങ്ങളെ ആവേശം കൊള്ളിക്കുന്ന ഒന്നിൽ ഞങ്ങൾ ഉറച്ചുവെന്നും നിങ്ങൾ എല്ലാവരും അത് ഇഷ്ടപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. സിനിമയെക്കുറിച്ച് കൂടുതലറിയാൻ കാത്തിരിക്കുക. കിങ്ങ് ഓഫ് കോത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ,” ദുൽഖർ കുറിച്ചു.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന തെലുഗു സിനിമയുടെ പോസ്റ്ററും താരം പങ്കുവച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
“എന്റെ നിർമ്മാതാക്കളിൽ നിന്നുള്ള ഒരു ചെറിയ ജന്മദിന സമ്മാനം ഇതാ ഇത് ഒരു പ്ലെസന്റ് സർപ്രൈസ് ആയിരുന്നു!!!” ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ദുൽഖർ കുറിച്ചു.