ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ദുൽഖർ സല്‍മാന്‍.  അത് തന്റെ അടുത്ത ചിത്രമല്ല എന്നും കൂടി പറഞ്ഞത് കൊണ്ട് ആകെ കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

“ഒരു ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 6 മണിയ്ക്ക് ഷെയർ ചെയ്യാൻ പോകുന്നതിന്റെ സൂപ്പർ എക്സൈറ്റ്മെന്റിലാണ്. അത് ഏതു ചിത്രമാണ്‌ എന്ന് നിങ്ങള്‍ക്ക് ഗസ് ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ”, എന്നാണ് തന്റെ പോസ്റ്റിലൂടെ ദുൽഖർ പറയുന്നത്. തന്റെ അടുത്ത റിലീസ് അല്ല അത് എന്നും താരം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഏതായിരിക്കും ആ ചിത്രമെന്ന കൺഫ്യൂഷനോടെ പോസ്റ്റിനു താഴെ കമന്റുകളുമായി സജീവമാവുകയാണ് ആരാധകർ. ‘ഒരു യമണ്ടൻ പ്രേമകഥ’, ‘തംഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’, ‘ഫ്രഞ്ച് വിപ്ലവം’, ‘മാമാങ്കം’, ‘മധുരരാജ’, ‘കുഞ്ഞാലി മരയ്ക്കാർ’, ‘ഒടിയൻ’, ‘കായംകുളം കൊച്ചുണ്ണി’ എന്നിങ്ങനെ താരവുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ ധാരാളം സിനിമകളുടെ പേരുകളൊക്കെ ആരാധകർ കമന്റിൽ പറയുന്നുണ്ട്.

ഇനിയടുത്ത് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ചിത്രങ്ങളുടെ കാര്യമെടുത്താല്‍,  അതില്‍ ‘കായംകുളം കൊച്ചുണ്ണി’യുടെ ട്രെയിലർ വന്നു കഴിഞ്ഞു.  ഇനി ട്രെയിലര്‍ വരാനിരിക്കുന്ന വലിയ ചിത്രം രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘ഡ്രാമ’യാണ്.  ‘ഡ്രാമ’യുടെ ട്രെയിലർ കഴിഞ്ഞ ദിവസം സെൻസറിങ് കൂടി കഴിഞ്ഞ സ്ഥിതിയ്ക്ക് ‘ഡ്രാമ’യുടെ ട്രെയിലർ ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നവംബര്‍ ഒന്നിന് ‘ഡ്രാമ’ റിലീസ് ചെയ്യും.

Read More: റിലാക്സ്ഡ് ആയി ലാല്‍ ചെയ്ത ‘ഡ്രാമ’: രഞ്ജിത് പറയുന്നു
 

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ആവും എന്ന ധാരണയിലാണ് ഇപ്പോള്‍ ചിത്രീകരിച്ചു വരുന്ന വൈശാഖിന്റെ ‘മധുരരാജ’യുടെ പേര് പലരും പറയുന്നത്.  എന്നാല്‍ ഇതിന്റെ ട്രെയിലര്‍ റിലീസ് ചെയ്യാനുള്ള സമയമായിട്ടില്ല എന്ന് വേണം കരുതാന്‍.   എന്തായാലും ദുൽഖറിനെ ‘സൂപ്പർ എക്സൈറ്റഡ്’ ആക്കിയ ആ ട്രെയിലർ ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Dulquer Salmaan, Sonam Kapoor

മലയാളത്തില്‍ തുടങ്ങി തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമുറപ്പിച്ച് ഇപ്പോള്‍ ബോളിവുഡിലും എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രം ‘കാര്‍വാ’ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ദുല്‍ഖറിന്റെ അഭിനയത്തെ ബോളിവുഡ് ഇരു കൈകളും നീട്ടി വരവേറ്റു. ബോളിവുഡിലെ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍.  ‘ദി സോയാ ഫാക്ടര്‍’ എന്ന ചിത്രത്തില്‍. ഒരു ക്രിക്കറ്ററുടെ വേഷത്തില്‍ ദുല്‍ഖര്‍ എത്തുമ്പോള്‍ നായികയാവുന്നത് സോനം കപൂര്‍.

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്ടര്‍’ അടുത്ത ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. അനുജാ ചൗഹാന്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുല്‍ഖര്‍ സല്‍മാന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook