‘മഹാനടി’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തെലുങ്ക്‌ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മുന്‍കാല നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവും സഹതാരവുമായിരുന്ന ജെമിനി ഗണേശന്റെ കഥാപത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. അഭിനയം മാത്രമല്ല, തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ടബ്ബ് ചെയ്യുകയും ചെയ്തിരുന്നു ഈ യുവതാരം.

Read More: ദുല്‍ഖര്‍ സല്‍മാന്‍ മുന്‍കാല നായകന്‍ ജെമിനി ഗണേശനാകുന്ന ‘മഹാനടി’

മികച്ച നിരൂപക പ്രശംസയും ബോക്സ്ഓഫീസ് കളക്ഷനും നേടിയ ‘മഹാനടി’യ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണയും ഒരു പീരീഡ്‌ ചിത്രത്തിലാവും ദുല്‍ഖര്‍ അഭിനയിക്കുക എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

തെലുങ്കിലെ സൂപ്പര്‍ താരം വെങ്കിടേഷ് ദഗ്ഗുബട്ടിയ്ക്കൊപ്പം ഒരു ‘വാര്‍-ഫിലി’മില്‍ അഭിനയിക്കാനാണ് ദുല്‍ഖറിന് ക്ഷണം ലഭിച്ചിരിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാവും ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം നിർമ്മിക്കുക.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം​ ആരംഭിക്കുമെന്നും പ്രൊജക്റ്റിനെ കുറിച്ച് ചർച്ച ചെയ്യാനായി ഇരു താരങ്ങളും പലതവണ മീറ്റ് ചെയ്തിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

2019ല്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനാണ് എന്നും തെലുങ്കിലെ മുന്‍നിര നിര്‍മ്മാണക്കമ്പനിയാണ് ചിത്രത്തിന്റെ പിന്നണിയില്‍ എന്നും വെങ്കിടേഷുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

Nagarjuna Akkineni, Venkitesh Daggubati

നാഗാര്‍ജ്ജുന അക്കിനേനി, വെങ്കിടേഷ് ദഗ്ഗുബട്ടി

മൾട്ടി സ്റ്റാര്‍ സിനിമകളിൽ​ അഭിനയിക്കാനും യുവതാരങ്ങൾക്ക് സ്ക്രീൻ സ്‌പെയ്സ് കൊടുക്കാനും എന്നും മുന്‍കൈയുടെത്തിത്തുള്ള നായകന്മാരാണ് തെലുങ്ക്‌ താരങ്ങളായ അക്കിനേനി നാഗാജ്ജുനയും വെങ്കിടേഷും. നിരവധി മൾട്ടി കാസ്റ്റ് സിനിമകളിൽ ഇവരിരുവരും അഭിനയിച്ചിട്ടുമുണ്ട്.

മഹേഷ് ബാബു, പവൻ കല്യാൺ തുടങ്ങിയ യുവതാരങ്ങളെയും തന്റെ സിനിമകളുടെ ഭാഗമാക്കിയിട്ടുള്ള വെങ്കിടേഷ്, ഇപ്പോള്‍ വരുൺ തേജിനൊപ്പം ‘എഫ് 2’ൽ അഭിനയിച്ചു വരികയാണ്.  തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ‘ദി സോയാ ഫാക്ടര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ക്രിക്കറ്ററുടെ വേഷത്തില്‍ ദുല്‍ഖര്‍ എത്തുമ്പോള്‍ നായികയാവുന്നത് സോനം കപൂര്‍.

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്ടര്‍’ അടുത്ത ഏപ്രിലില്‍ തിയേറററുകളിലെത്തും. അനുജാ ചൌഹാന്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുല്‍ഖര്‍ സല്‍മാന്‍

Image may contain: one or more people and text

‘മഹാനടി’ കണ്ടതിനു ശേഷം ദുല്‍ഖര്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രത്തിന്റെ അണിയറക്കാരെ തന്റെ അനുമോദനവും അറിയിച്ചിരുന്നു വെങ്കിടേഷ്. ‘മഹാനടി’യെ ഒരു ‘മോഡേണ്‍ ഡേ ക്ലാസ്സിക്’ എന്ന വിശേഷിപ്പിച്ച അദ്ദേഹം ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പറഞ്ഞതിങ്ങനെ.

“കീര്‍ത്തിയുടെ അഭിനയം മികച്ചതാണ്. മറ്റാര്‍ക്കും ഈ കഥാപാത്രം ഇത്ര ഭംഗിയായി ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നില്ല. ജെമിനി ഗണേശനാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഏറ്റവും യോജിച്ചയാള്‍. സാമന്ത, വിജയ്‌ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. സൂപ്പര്‍സ്റ്റാര്‍ സാവിത്രിയ്ക്ക് നല്‍കാവുന്ന സുന്ദരമായ ട്രിബ്യൂട്ട്”, വെങ്കിടേഷ് എഴുതി. സംവിധായകന്‍ നാഗ് അശ്വിന്‍, നിര്‍മ്മാതാക്കള്‍ സ്വപ്ന, പ്രിയങ്ക ദത്ത് എന്നിവരേയും തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു താരം.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook