ദുല്‍ഖര്‍ സല്‍മാന്റെ വളര്‍ച്ച നോക്കിക്കാണുമ്പോള്‍: ബിജോയ്‌ നമ്പ്യാര്‍ എഴുതുന്നു

‘കലയും വാണിജ്യമൂല്യവും ഇഴ ചേര്‍ക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് സ്വയം പാകപ്പെടുത്തിയെടുത്ത ബോധ്യമുണ്ട് ദുല്‍ഖറിന്,’ ‘സോളോ’ സംവിധായകന്‍ ബിജോയ്‌ നമ്പ്യാര്‍ എഴുതുന്നു

ദി സോയാ ഫാക്ടര്‍, ദുല്‍ഖര്‍ സല്‍മാന്‍, dulquer Salmaan, The Zoya Factor, The Zoya Factor release, The Zoya Factor review, The Zoya Factor rating, zoya factor, zoya factor release, zoya factor rating, zoya factor review

മമ്മൂട്ടിയെ ദൈവമായി കാണുന്ന മലയാള സിനിമയില്‍ ദുല്‍ഖര്‍ സല്‍‌മാന്‍ ദൈവപുത്രനാണ്. അത് കൊണ്ട് തന്നെ ഒരു കൂട്ടം പുതുമുഖങ്ങള്‍ 2012ല്‍ ഒരുക്കിയ ഒരു ചെറിയ സിനിമയിലൂടെ, ദുല്‍ഖര്‍ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത് അല്‍പം വിചിത്രമായി തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ‘സെക്കന്‍ഡ് ഷോ’ എന്നത് ഒരു സ്വപ്നതുല്യമായ തുടക്കമൊന്നുമല്ലെങ്കിലും, ഒരു ശരിയായ ശരിയായ തീരുമാനം ആയിരുന്നു എന്ന് തോന്നുന്നു. മോളിവുഡിലെ ‘റോയല്‍റ്റി’യിലേക്ക് ജനിച്ചു വീണ ദുല്‍ഖര്‍ സല്‍മാന് ഒന്ന് വിരല്‍ ഞൊടിച്ചാല്‍ (താരപുത്രനെന്ന നിലയില്‍) ഇതിലും വലിയ സിനിമകളിലൂടെ രംഗപ്രവേശം ചെയ്യാമായിരുന്നു. പക്ഷേ, കുറുക്കുവഴികളിലൂടെ ഒരു തുടക്കം അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ തീരുമാനം.

‘സെക്കന്‍ഡ് ഷോ’ എന്ന സിനിമ ദുല്‍ഖറും സുഹൃത്തുക്കളും ചേര്‍ന്ന്, പുറത്തു നിന്നുള്ളവരുടെ കാര്യമായ പിന്തുണയില്ലാതെ അവരെക്കൊണ്ടാവുന്ന രീതിയില്‍‌ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ‘സെക്കന്‍ഡ് ഷോ’ എന്ന ‘ഓഫ്ബീറ്റ്’ എന്ന് വിളിക്കാവുന്ന ഒരു സിനിമ കഴിഞ്ഞ് പിന്നീട് അദ്ദേഹം തിരഞ്ഞെടുത്തതും ഏറെക്കുറെ സമാന രുചികളുള്ള തിരക്കഥകള്‍ തന്നെയായിരുന്നു. അങ്ങനെ പതിയെ പ്രേക്ഷകര്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ വിശ്വസിക്കാനും സ്നേഹിക്കാനും തുടങ്ങി. അങ്ങനെ തുടങ്ങു മുന്‍നിരയിലേക്ക് അദ്ദേഹമെത്തിയതും സ്വന്തം പ്രയത്നത്തിലൂടെ തന്നെയാണ്.  ‘ഡി ക്യു’ എന്ന് പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്ന ദുല്‍ഖര്‍, ജന്മനാടായ കേരളത്തില്‍ പ്രേക്ഷകരുടെ ഹൃദയമിടിപ്പായി മാറിക്കഴിഞ്ഞു.

ഒരു അഭിനേതാവിനേക്കാളും താരത്തേക്കാളും ദുല്‍ഖറെന്ന വ്യക്തിയെയാണ് എനിക്ക് ഇഷ്ടം. മണിരത്നത്തിന്‍റെ ‘ഓ കാതല്‍ കണ്‍മണി'(2015) എന്ന ചിത്രത്തില്‍ ദുല്‍ഖറിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ ശരിക്കും ഇഷ്ടപ്പെട്ടു. അതിനു ശേഷം അദ്ദേഹത്തിന്‍റെ ബാക്കി സിനിമകള്‍ തപ്പിയെടുത്ത് കണ്ടപ്പോഴാണ് ഇഷ്ടം കൂടി. വളരെ പെട്ടെന്ന് തന്നെ ഞാന്‍ അദ്ദേഹത്തിന്‍റെ ആരാധകനായി മാറി. സിനിമകളുടെ കാര്യത്തിലുള്ള ദുല്‍ഖറിന്‍റെ തിരഞ്ഞെടുപ്പ് അതിശയിപ്പിച്ചു. ‘സേഫ്’ സിനിമകള്‍ മാത്രമല്ല അദ്ദേഹം ചെയ്തത്. സിനിമയില്‍ ദുല്‍ഖര്‍ വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്ത/ചെയ്യുന്ന വഴികള്‍ വ്യത്യസ്ഥമായിരുന്നു. അദ്ദേഹത്തെപ്പോലെ സിനിമാപാരമ്പര്യമുള്ള ഒരാള്‍ തെരഞ്ഞെടുക്കും എന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു വഴിയേ അല്ല അത് എന്നത് എന്നെ അത്ഭുതപ്പെടുത്തി.

 

Read Here: The Dulquer Factor: Why Dulquer Salmaan is one of the most exciting young actors today

ഇതു വരെയുള്ള അദ്ദേഹത്തിന്‍റെ സിനിമകളെടുത്ത് നോക്കിയാല്‍, ഏത് വേഷവും അത് മുന്‍പ് വന്നതിനേക്കാള്‍ വ്യത്യസ്തവും ഭംഗിയുമായി ചെയ്യാന്‍ നോക്കുന്നയാളാണ്. ഉദാഹരണത്തിന് ‘ഉസ്താദ് ഹോട്ടലില്‍’ ഷെഫ് ആയി വേഷമിട്ടു. ‘ബാംഗ്ലൂര്‍ ഡെയിസില്‍’ ജീവിതം വളരെ ആസ്വദിക്കുന്ന, വ്യത്യസ്തമായ രീതിയില്‍ ജീവിക്കുന്ന, മെക്കാനിക്കായ അജുവിന്‍റെ വേഷമായിരുന്നു. മണിരത്നത്തിന്‍റെ ‘ഓ കാതല്‍ കണ്‍മണിയിലാണെങ്കില്‍’ നിത്യ മേനോനെ പ്രണയിക്കുന്ന, വീഡിയോ ഗെയിം ഡെവലപ്പറായ ഒരു ടെക്കിയായിട്ടും. അവര് തമ്മിലുള്ള ആ കെമിസ്ട്രിയായിരുന്നു ‘ഓ കാതല്‍ കണ്‍മണിയെ’ പ്രിയപ്പെട്ടതാക്കുന്നതും. അടുത്തിടെ ഇറങ്ങിയ ‘മഹാനടി’യിയാകട്ടെ ദുല്‍ഖറിലെ അഭിനേതാവിനെ കുറച്ച് കൂടി തുറന്നു കാട്ടിയ സിനിമയായിരുന്നു. സാവിത്രിയുടെ ജീവചരിത്രം പറയുന്ന ആ സിനിമയിലെ അവരുടെ ഭര്‍ത്താവിന്‍റെ വേഷം വേണമെങ്കില്‍ അദ്ദേഹത്തിന് വേണ്ടെന്ന് വയ്ക്കാമായിരുന്നു. സ്ത്രീലമ്പടനായ, നെഗറ്റീവ് ടച്ചുള്ള ജെമിനി ഗണേശനായിട്ടായിരുന്നു ദുല്‍ഖര്‍ അതിലെത്തിയത്. പക്ഷേ, സിനിമ കണ്ട് കഴിഞ്ഞാല്‍ ജെമിനി ഗണേശനെ ആര്‍ക്കും എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. അതാണ് ദുല്‍ഖറിന് പ്രേക്ഷകന്‍റെ മേലുള്ള സ്വാധീനം.

‘സോളോ’യെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ദുല്‍ഖര്‍ ആയിരുന്നു മനസ്സില്‍. കരിയറില്‍ അതു വരെ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം അതു പോലൊരു സിനിമ ചെയ്തിട്ടില്ലെന്ന് മനസ്സിലായി. ‘കമ്മട്ടിപ്പാട’ത്തിലേത് മുഴുവനായും ഒരു ഗുണ്ടയുടെ വേഷമായി കരുതനാവില്ല, ‘സോളോ’യില്‍ ഒന്നിന് പുറകെ ഒന്നായെത്തുന്ന നാല് വേഷങ്ങളായിരുന്നു അദ്ദേഹം ചെയ്തത്. ഏതെങ്കിലും തരത്തില്‍ ഒരു പ്രത്യേക ഇമേജ് അദ്ദേഹത്തിനുണ്ടെങ്കില്‍ അത് മാറ്റി വ്യത്യസ്തമായത് പരീക്ഷിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

മലയാള സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ചേ മതിയാകൂ. ‘സോളോ’യില്‍ നേരിട്ട പ്രധാന വെല്ലുവിളിയെന്നത്, ആദ്യത്തെ കഥയില്‍ ദുല്‍ഖര്‍ ചെയ്യുന്നത്, ശേഖറെന്ന സംസാരിക്കുമ്പോള്‍ വിക്കുള്ള കഥാപാത്രമാണ്. മറ്റൊരു കഥയിലാകട്ടെ ആകെ രണ്ട് വാക്കുകള്‍ മാത്രമാണ് സംസാരിക്കാനുണ്ടായിരുന്നത്. വ്യത്യസ്തങ്ങളായ ഈ കഥാപാത്രങ്ങളെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, ദുല്‍ഖര്‍ അനായാസമായി തന്നെ അത് ചെയ്തു. പതിവ് വിക്കുള്ള കഥാപാത്രങ്ങളില്‍ നിന്ന് ശേഖര്‍ എന്ന കഥാപാത്രത്തെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാമെന്ന് ഞങ്ങള്‍ ഏറെ ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥ കഥാപാത്രമായി തോന്നിപ്പിക്കുമെങ്കിലും നാടകീയത വല്ലാതെ കയറിക്കൂടുമോ ഈ കഥാപാത്രത്തില്‍ എന്നൊരു തോന്നലുണ്ടായിരുന്നു. അതു കൊണ്ട് തന്നെ പല തരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തി നോക്കി. ‘ഇത് ഓകെ ആണോ’ എന്ന് ചോദിച്ച് ദുല്‍ഖര്‍ തുടര്‍ച്ചയായി ശബ്ദസന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. അവസാനം ഏറ്റവും യോജിച്ചത് തന്നെ ഞങ്ങള്‍ക്ക് ലഭിച്ചു. ശേഖര്‍ പൊതുവെ ദേഷ്യപ്രകൃതക്കാരനായ ഒരു വ്യക്തിയാണ്. അതു കൊണ്ട് ദേഷ്യം കലശലായി വരുമ്പോള്‍ മാത്രമാണ് അയാള്‍ക്ക് വിക്ക് വരുന്നത്. അല്ലാത്തപ്പോള്‍ സാധാരണ രീതിയില്‍ തന്നെ സംസാരിക്കുന്ന ഒരു വ്യക്തിയായി അവതരിപ്പിച്ചു.

 

‘സോളോ ‘മലയാളത്തിലും തമിഴിലും എടുത്തത് കൊണ്ട് പല പല സ്ഥലങ്ങളിലായിരുന്നു ചിത്രീകരണങ്ങള്‍. അതിന്‍റേതായ ബഹളങ്ങളും ഒച്ചപ്പാടുകളുമുണ്ടായിരുന്നു എങ്കിലും ഒട്ടും എന്നെ വിഷമിപ്പിക്കാതെയിരുന്നത് ദുല്‍ഖറായിരുന്നു. അതു പോലെ തന്നെ മറ്റുള്ളവരെ ഒരുമിപ്പിച്ച് കൊണ്ടു പോകാനും അദ്ദേഹം മുന്‍കൈയ്യെടുത്തു. ചിത്രീകരണം നടക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ വലിയ ആള്‍ക്കൂട്ടം എത്തുമായിരുന്നു. ചിത്രീകരണത്തിന്‍റെ പകുതിയിലേറെ സമയവും ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു ഞങ്ങള്‍.

ഒരു നടനെന്ന നിലയില്‍ വ്യത്യസ്തങ്ങളായ പുതിയ തിരക്കഥകള്‍ക്കായി കാത്തിരിക്കുന്നയാളാണ് ദുല്‍ഖര്‍. തന്റെ കഥാപാത്രങ്ങളിലെ സാധാരണത്വത്തെ ആഘോഷിക്കാന്‍ മടിയില്ലാത്ത അദ്ദേഹം തന്‍റെ വേഷങ്ങളെക്കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നയാളുമാണ്. അതു പോലെ തന്നെ, അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പരമാവധി സ്വഭാവികതയോടും തന്മയത്വത്തോടും അവതരിപ്പിക്കുന്നു. സ്വന്തം നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കഥാപാത്രത്തെ മനോഹരമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചു കാട്ടുന്നു.

സെറ്റിലെത്തുന്നതിന് മുന്‍പ് തന്നെ സ്വന്തം കഥാപാത്രത്തിനായുള്ള ഒരുക്കങ്ങള്‍ അദ്ദേഹം നല്ല രീതിയില്‍ നടത്തിയിട്ടുണ്ടാകും. പെട്ടെന്ന് കഥാപാത്രവുമായി ഇഴുകിച്ചേരുന്ന ദുല്‍ഖര്‍ പിന്നെ അതില്‍ നിന്ന് പുറത്തു വരാന്‍ സമയമെടുക്കും. ദുല്‍ഖര്‍ എന്ന നടന്റെ ‘consistency’ ഒരു സംവിധായകന്‍ എന്ന നിലയില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. ചുറ്റിലും എന്ത് തന്നെ സംഭവിച്ചാലും തിരക്കഥയില്‍ അവശ്യമുള്ളത് നല്‍കുന്ന ഒരു നടന്‍ കൂടെയുണ്ട് എന്നതും.

Dulquer Salmaan

വ്യക്തിയെന്ന നിലയില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും അദ്ദേഹം തയ്യാറാകാറില്ല. അതേ സമയം, സുഹൃത്തുക്കളുടെ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുന്ന അദ്ദേഹം ആവശ്യനേരങ്ങളില്‍ അവരെ സഹായിക്കാനുമെത്താറുണ്ട്. ‘സോളോ’ പുറത്തിറങ്ങിയ ആദ്യ ആഴ്ചയില്‍, ക്ലൈമാക്സ് സീന്‍ കട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു മലയാള നിര്‍മാതാവുമായുണ്ടായ തര്‍ക്കത്തില്‍ ദുല്‍ഖര്‍, എനിക്ക് അനുകൂലമായ നിലപാടെടുത്ത് കൂടെ നിന്നു. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ സിനിമയെ പിന്തുണച്ച് ദീര്‍ഘമായ കുറിപ്പുകളും പോസ്റ്റ് ചെയ്തു.

ഒരു സിനിമയെടുക്കുന്ന നേരത്ത് മറ്റ് സംവിധായകരുടെ സിനിമകള്‍ കാണുന്നത് എനിക്കിഷ്ടമാണ്. അടിസ്ഥാനപരമായി സിനിമകളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണിത്. മണിരത്നം, പത്മരാജന്‍, ഐ.വി.ശശി ഇവരുടെ സിനിമകളാണ് അധികവും കാണുന്നത്. ഉദാഹരണത്തിന്, മോളിവുഡില്‍ വലിയ വലിയ വാണിജ്യസിനിമകള്‍, വലിയ ബഡ്ജറ്റില്‍ സംവിധാനം ചെയിത ആളാണ് ഐ.വി.ശശി. ഒരു സിനിമയില്‍ തന്നെ ഏഴും എട്ടും ഹീറോസം ഉപകഥകളുമൊക്കെയായി ‘ഒരു സംഭവം സിനിമ’യായിരിക്കും അദ്ദേഹം ചെയ്യുന്നത്. അതു പോലെ, 1980കളിലും 90കളിലും വളര്‍ന്ന ഓരോ മലയാളിയെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പത്മരാജന്‍ സ്വാധീനിച്ചിട്ടുണ്ടാകും. കലയെയും വാണിജ്യത്തെയും വിജയകരമായി ഒന്നിച്ചു ചേര്‍ക്കാന്‍ പത്മരാജന് കഴിഞ്ഞു. അദ്ദേഹം തിരഞ്ഞെടുത്ത വിഷയങ്ങളാകട്ടെ കാലത്തിന് മുന്നേ സഞ്ചരിച്ചവയാണ്. ഉദാഹരണത്തിന് 1987ല്‍ പുറത്തിറങ്ങിയ ‘തൂവാനത്തുമ്പികള്‍’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ രണ്ട് തരത്തിലുള്ള ജീവിതം നയിക്കുന്ന ആളാണ്. വളരെ മിതഭാഷിയും ‘നേരെ വാ നേരെ പോ’ ജീവിതവും നയിക്കുന്ന വ്യക്തിയാണ് ഗ്രാമത്തിലെങ്കില്‍, വാരാന്ത്യത്തില്‍ പട്ടണത്തില്‍ പോകുമ്പോള്‍ അയാള്‍ തീര്‍ത്തും വ്യത്യസ്തനായ ഒരാളായി മാറുന്നു. വളരെ കൌശലക്കാരനായ ഒരു വ്യക്തിയായി മാറുന്നു. മോഹന്‍ലാലിന്‍റെ രണ്ട് രീതികളുമറിയുന്ന ഒരാളായിട്ടാണ് നമ്മള്‍ പ്രേക്ഷകര്‍ സിനിമ കാണുന്നത്. സദാചാരങ്ങള്‍ക്കപ്പുറത്ത്, വേശ്യാവൃത്തിക്ക് ഇറങ്ങി പുറപ്പെട്ട ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നു. അവളെ സംബന്ധിച്ച്, തൊഴിലിന്‍റെ ഭാഗമായി ആദ്യമെത്തുന്നത് അയാളുടെ മുന്നിലാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ക്ക് അവളെ മറക്കാന്‍ കഴിയുന്നില്ല. അയാള്‍ കല്യാണം കഴിക്കാനൊരുങ്ങുമ്പോള്‍ ഭാവി വധുവിനോട് ഇക്കാര്യങ്ങള്‍ പറയാന്‍ മടിക്കുന്നില്ല. ‘നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ട്, കല്യാണം കഴിക്കാനും ആഗ്രഹിക്കുന്നു. പക്ഷേ, അവളെ മനസ്സില്‍ നിന്നറക്കിവിടാനും കഴിയുന്നില്ല,’ എന്ന് നായകന്‍ കൃത്യമായി പറയുന്നുണ്ട്. വളരെയധികം വിമര്‍ശിക്കപ്പെട്ടേക്കാവുന്ന ഒരു ബന്ധമാണ് നല്ല ഭാഷയിലൂടെ മനോഹരമായി അവതരിപ്പിച്ചത്.

ദുല്‍ഖറും ഞാനുമൊക്കെ വളര്‍ന്നത് അദ്ദേഹത്തിന്‍റെ പിതാവിന്‍റെയും മോഹന്‍ലാലിന്‍റെയുമൊക്കെ ഇത്തരത്തിലുളള സിനിമകള്‍ കണ്ടാണ്. അതു പോലൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന വ്യക്തിയായത് കൊണ്ട് തന്നെ ആ കാലഘട്ടത്തിലെ സിനിമകളുടെ സ്വാധീനവും ദുല്‍ഖറില്‍ കാണാനാവും. കലയും വാണിജ്യമൂല്യവും ഇഴ ചേര്‍ക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് സ്വയം പാകപ്പെടുത്തിയെടുത്ത ബോധ്യമുണ്ട് അദ്ദേഹത്തിനു. അതിനുമെല്ലാം അപ്പുറം, ഒരു താരമാകാനല്ല ദുല്‍ഖര്‍ ശ്രമിച്ചത്, അഭിനേതാവാകാനാണ്.

mammootty, mammootty birthday, mammootty happy birthday, mammootty age, mammukka, mammukka birthday, mamoty, mammotty, mammooty, mammootty films, mammukka old phots, mammootty photo, mammootty photo, mammootty pics, mammootty pic, happy birthday mammootty, മമ്മൂട്ടി പിറന്നാള്‍, മമ്മൂട്ടി പ്രായം, മമ്മൂട്ടി

മലയാള സിനിമയെ സംബന്ധിച്ച് ഇപ്പോള്‍ വളരെ നല്ല സമയമാണ്. ഒരു നവോത്ഥാനമാണ് ഇപ്പോള്‍ നടക്കുന്നത്. അതു കൊണ്ടാണ് ഞാന്‍ പോലും മലയാളത്തില്‍ ചെന്ന് ഒരു സിനിമ ചെയ്തത്. തൊണ്ണൂറുകളിലും രണ്ടായിരമാണ്ടിന്‍റെ തുടക്കത്തിലുമൊക്കെ മലയാള സിനിമ മൂല്യച്യുതി നേരിട്ട സമയമാണെന്ന് ഞാന്‍ പറയും. എങ്ങോയ്ക്കാണ് പോകുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു ഘട്ടമായിരുന്നു അത്. സ്വന്തം വേരുകള്‍ നഷ്ടപ്പെടുത്തി, തമിഴ്- തെലുങ്ക് സിനിമകളെ അനുകരിക്കുന്നതിനുള്ള തിരക്കായിരുന്നു അപ്പോള്‍ മലയാളത്തില്‍ നടന്നിരുന്നത്. അതൊരു മോശം സമയവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് അതൊക്കെ മാറിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍, അല്‍ഫോണ്‍സ് പുത്രന്‍, അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്‍ തുടങ്ങിയ ഒരു കൂട്ടം കഴിവുള്ള പുതിയ കാലഘട്ടത്തിലെ ആളുകള്‍ മലയാള സിനിമയുടെ പ്രതാപം തിരിച്ചെടുത്തെന്ന് പറയാം. ഇവര്‍ വന്നതോടെ നിലവിലുള്ള രീതികളൊക്കെ മാറ്റി, ആസ്വാദനത്തിന്‍റെ പുതിയ തലങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഒരുപാട് പരീക്ഷണങ്ങള്‍ ഇപ്പോള്‍ മലയാള സിനിമ മേഖലയില്‍ നടക്കുന്നുണ്ട്. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും പരസ്പരം പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നത് കൊണ്ട് തന്നെ വ്യത്യസ്തങ്ങളായ വിഷയങ്ങളും രീതികളുമൊക്കെ മാറി മാറി വരുന്നുണ്ട്. ബോളിവുഡില്‍ നിന്ന് വ്യത്യസ്തമായി മോളിവുഡ് താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായത് കൊണ്ട് തന്നെ ആരോഗ്യകരമായ ഒരു മല്‍സരമാണ് ഇപ്പോഴുള്ളത്. പതിറ്റാണ്ടുകളായി മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം മല്‍സരിച്ച് അഭിനയിക്കുന്നവരാണെങ്കിലും അവരുടെ നിലപാടുകളും ജോലിയും വ്യത്യസ്തമാണെങ്കിലും അവര്‍ തമ്മിലുള്ള സൌഹൃദത്തെ ഇതൊന്നും ഒരിക്കലും ബാധിച്ചിട്ടില്ല. ഇന്ന്, അതേ സൗഹൃദം ഫഹദ്, നിവിന്‍, ദുല്‍ഖര്‍ എന്നിവര്‍ തമ്മിലും കാണാം. എല്ലാവര്‍ക്കും സിനിമയില്‍ അവരവരുടേതായ, ‘താര’യിടങ്ങളുണ്ട്. അതേ സമയം, ഒരുമിച്ചു സിനിമകള്‍ ചെയ്യാനും അവര്‍ മടിക്കുന്നില്ല.

രൂപഭംഗിയും കഴിവും ലാളിത്യം നിറഞ്ഞ പെരുമാറ്റവും കൊണ്ടും വ്യത്യസ്തനായി നില്‍ക്കുന്നതിനാല്‍, കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ദുല്‍ഖറിന് നല്ലൊരു ആരാധകവൃന്ദമുണ്ട്. കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളില്‍ മാറി മാറി താമസിക്കാറുളള ദുല്‍ഖര്‍, മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിക്കുന്നുണ്ട്. സിനിമാലോകത്തെ എല്ലാ മാര്‍ക്കറ്റുകളിലും വേണ്ട രീതിയില്‍ അവസരങ്ങള്‍ കിട്ടുന്ന ദുല്‍ഖറിന് ബോളിവുഡിലേക്കുള്ള ചുവട് വയ്പ്പ് സ്വാഭാവികമായ ഒരു വളര്‍ച്ചയാണ്. ‘കാര്‍വായും’, ‘സോയ ഫാക്ടറും’ ചെയ്യുമ്പോള്‍ അതിന്‍റെ അര്‍ത്ഥം അദ്ദേഹം സ്ഥിരമായി ഇവിടെ നിന്ന് മാറി മറ്റ് ഇന്‍ഡസ്ട്രികളിലേക്ക് പോകാന്‍ ശ്രമിക്കുന്നു എന്നല്ല. ബോളിവുഡിലെ സൂപ്പര്‍സ്റ്റാറാവുക എന്നതൊന്നുമല്ല ദുല്‍ഖറിനെ സംബന്ധിച്ച് ആത്യന്തികലക്ഷ്യം. ഹിന്ദി സിനിമയില്‍ അഭിനയിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ സൌത്തിന്ത്യയിലെ താരമല്ല ദുല്‍ഖറെന്നതും ഓര്‍മിക്കണം.

 

Read Here: ദുല്‍ഖര്‍ സല്‍മാന്‍ മുന്‍കാല നായകന്‍ ജെമിനി ഗണേശനാകുന്ന ‘മഹാനടി’

എല്ലാ ദക്ഷിണേന്ത്യന്‍ താരങ്ങളും ഹിന്ദി സിനിമകളില്‍ അഭിനയിക്കുകയും അതിന്‍റെ വിജയം ആസ്വദിച്ചവരുമാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇറങ്ങിയ വെങ്കടേഷിന്‍റെ ‘അനാരി’ വന്‍ഹിറ്റായിരുന്നു. ബോളിവുഡിലെ വിജയിച്ച പല സിനിമകളിലും അഭിനയിച്ചതിനാല്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് തമിഴ് താരങ്ങളായ കമല്‍ ഹാസനും രജനീകാന്തും അപരിചിതരല്ല. നാഗാര്‍ജുനയെ വച്ച് രാം ഗോപാല്‍ വര്‍മ പുറത്തിറക്കിയ ‘ശിവ’ വന്‍ജനപ്രീതി നേടിയിരുന്നു. മോഹന്‍ലാലിന്‍റെ കാര്യവും നോക്കാവുന്നതാണ്. സപ്പോര്‍ട്ടിങ് റോളായിരുന്നെങ്കിലും രാം ഗോപാല്‍ വര്‍മയുടെ ‘കമ്പനി’ യില്‍ പൊലീസ് കമ്മിഷണറുടെ വേഷം അദ്ദേഹം ചെയ്തു. മോഹന്‍ലാലിനെ സംബന്ധിച്ച് ഇതിലും വലിയ വേഷങ്ങളൊക്കെ നിസ്സാരമായി ലഭിക്കും. ബോളിവുഡിലെ നായകസ്ഥാനം അദ്ദേഹം ലക്ഷ്യമിടാത്തത് കൊണ്ടാണ്, ചെറുതാണെങ്കിലും പ്രാധാന്യമുള്ള ഒരു വേഷം അദ്ദേഹം തിരഞ്ഞെടുത്തത്. അവരുടെയൊക്കെ വേരുകള്‍ കിടക്കുന്നത് ദക്ഷിണേന്ത്യയിലായതിനാല്‍ തന്നെ അതുപേക്ഷിക്കാന്‍ അവരാരും തയ്യാറല്ല. ഹിന്ദി സിനിമയെക്കുറിച്ചും അതിന്‍റെ സാധ്യതകളെക്കുറിച്ചും ബോധ്യമുളളതിനാലാണ് ബോളിവുഡില്‍ നിന്നുള്ള ഓഫറുകള്‍ അവര്‍ സ്വീകരിക്കുന്നത്. രസകരമായതും ആകര്‍ഷണീയവുമായ വേഷങ്ങള്‍ ലഭിക്കുമ്പോള്‍ അവരിവിടെ വന്ന് അത് ചെയ്തിട്ട് പോരുന്നു. അതു തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചെയ്തു കൊണ്ടിരിക്കുന്നതും.

('ശൈത്താന്‍' എന്ന സിനിമയുടെ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. 
ദുല്‍‌ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി'സോളോ' എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. 
ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം 'കാര്‍വായ്ക്ക്' വേണ്ടി തിരക്കഥയുമൊരുക്കി.)

ഷെയ്ഖ്‌ അയാസിനോട് പറഞ്ഞത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan the zoya factor release review rating bejoy nambiar

Next Story
ഓണം പിറന്നാലും ഉണ്ണി പിറന്നാലും…: മലയാളിക്ക് പ്രിയം സീരിയല്‍ തന്നെഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ വാനമ്പാടി, ഏഷ്യാനെറ്റ്‌ നീലക്കുയില്‍, asianet, asianet vanambadi, asianet neelakuyil, vanambadi serial asianet, vanambadi serial, vanambadi hotstar, vanambadi asianet, vanambadi youtube, vanambadi serial episode, vanambadi tiktok, vanambadi serial new episode
The moderation of comments is automated and not cleared manually by malayalam.indianexpress.com