നടൻ ദുൽഖർ സൽമാന് കോവിഡ് സ്ഥിരീകരിച്ചു. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. താനുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ ഐസൊലേഷനിലേക്ക് മാറണമെന്നും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കണമെന്നും താരം അഭ്യർത്ഥിച്ചു.
“എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഞാൻ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. ചെറിയ പനിയുടെ ലക്ഷണങ്ങളുണ്ട്. എന്നാലും മറ്റു പ്രശ്നങ്ങളൊന്നുമില്ല,” ദുൽഖർ കുറിച്ചു.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ഷൂട്ടിനിടയിൽ ഞാനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ ഐസോലേറ്റ് ചെയ്യുകയും ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കുകയും ചെയ്യുക.”
“ഈ മഹാമാരി അവസാനിച്ചിട്ടില്ല. നമ്മൾ ജാഗ്രതയോടെ തുടരണം. മാസ്ക് ധരിക്കുകയും സുരക്ഷിതമായി തുടരുകയും ചെയ്യുക,” ദുൽഖർ കുറിച്ചു.
മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിറകെയാണ് ദുൽഖറിനും രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.