നടൻ ദുൽഖർ സൽമാന്റെ കുഞ്ഞിനെ കാണാൻ റാണ ദഗ്ഗുബട്ടി എത്തുന്നുവെന്ന വാർത്ത കേട്ടപ്പോൾ മലയാളികൾക്ക് അതൊരു കൗതുകമായി തോന്നി. റാണയും ദുൽഖറും തമ്മിൽ എന്തെങ്കിലും അടുപ്പം ഉണ്ടോയെന്നു ചിലർ ചിന്തിച്ചു? ഇപ്പോഴിതാ ദുൽഖർ തന്നെ ഇതിനുളള മറുപടി നൽകിയിരിക്കുന്നു. മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിലാണ് റാണയുമായുളള സുഹൃദ് ബന്ധത്തെക്കുറിച്ച് ദുൽഖർ വ്യക്തമാക്കിയത്.

‘നാഗചൈതന്യ ചെന്നൈയിലാണ് പഠിച്ചത്. അവന്റെ ആത്മമിത്രമാണ് റാണ. ആ വഴിയാണ് റാണയുമായുളള സൗഹൃദം. സിനിമയ്ക്ക് അപ്പുറത്തുളള സ്നേഹബന്ധം ഞങ്ങൾക്കിടയിലുണ്ടെന്നും” ദുൽഖർ അഭിമുഖത്തിൽ പറയുന്നു.

Read More: ദുൽഖർ അറിഞ്ഞോ? ദുൽഖറിന്റെ രാജകുമാരിയെ കാണാൻ റാണയെത്തുന്നു

ബാഹുബലി 2 വിലൂടെ ഭല്ലാലദേവയായെത്തി ഏവരുടെയും മനം കവർന്ന നടനാണ് റാണ ദഗ്ഗുബട്ടി. മലയാള നടന്മാരിൽ തനിക്കേറെ ഇഷ്ടം ദുൽഖർ സൽമാനാണെന്ന് റാണ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ദുൽഖറിന്റെ കുഞ്ഞിനെ കാണാൻ ഉടൻ എത്തുമെന്നും റാണ പറഞ്ഞത്. ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ കുഞ്ഞിനെ കാണാനെത്തുന്ന വിവരം റാണ പങ്കുവച്ചത്. ”എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് റാണ പറഞ്ഞത്.

ദുൽഖറിനും ഭാര്യ അമാലിനും പെൺകുഞ്ഞാണ് പിറന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദുൽഖർ ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നായിരുന്നു ദുൽഖർ ആരാധകരെ അറിയിച്ചത്. ഡിസംബർ 2011ലാണ് ദുൽഖറും അമാലും വിവാഹിതരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ