ഏതൊരാളെയും പോലെ എന്റെ ജീവിതത്തിലെയും വലിയ സ്വപ്‌നമാണ് മകൾ. അമാലിന്റെ കുഞ്ഞുവേർഷൻ. അച്ഛനായാൽ ഏതൊരാളും മാറും. ചിന്തയിൽ, സ്വഭാവത്തിൽ. ആ മാറ്റം എനിക്കുമുണ്ടായി എന്ന് ദുൽഖർ സൽമാൻ. വനിത മാഗസിനിൽ വിജീഷ് ഗോപിനാഥിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം പറയുന്നത്.

മമ്മൂട്ടിയെന്ന നടനും വാപ്പച്ചിയും രണ്ടും രണ്ട് വ്യക്തികളാണെന്ന് ദുൽഖർ പറയുന്നു. കഥ കേൾക്കുമ്പോൾ വാപ്പച്ചി കാണിക്കുന്ന ആകാംഷയും ആവേശവും തന്നെക്കാൾ കൂടുതലാണെന്നും അതുണ്ടാക്കുന്ന പ്രേത്സാഹനവും വലുതാണെന്നും ദുൽഖർ.

“ഞങ്ങളൊക്കെ എപ്പോഴും അടുത്തുണ്ടാകാൻ വാപ്പച്ചിയ്‌ക്ക് വലിയ ആഗ്രഹമാണ്. ഷൂട്ട് കഴിഞ്ഞ് വരാൻ ലേറ്റായാൽ ചോദിക്കും, നീ എന്താ ഇത്രയും വൈകിയത്. നേരത്തെ ഷൂട്ട് തീർക്കാൻ പറഞ്ഞൂടായിരുന്നോ? നടനും അച്ഛനും തമ്മിലുളള സംഘർഷം കാണാൻ നല്ല രസമാണ്. ഇടയ്‌ക്ക് പറയും, ഫൈറ്റിലൊന്നും നീ റിസ്‌ക് എടുക്കരുത്, സുക്ഷിച്ചേ ചെയ്യാവൂ, അതേ ആളാണ് ഗ്രേറ്റ്ഫാദറിൽ ആ ഫൈറ്റ് ചെയ്‌തത്. അതുകണ്ട് എന്റെ നെഞ്ചിടിപ്പ് കൂടിപോയി. എല്ലാം സ്വയം ചെയ്യാനിഷ്‌ടമാണ്. നമ്മൾ ചെയ്‌താൽ പക്കാ അച്ഛനാകും. ഇതൊക്കെ ആസ്വദിക്കാറുണ്ട് ” ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.

”എത്ര നെഗറ്റീവ് കമന്റുകൾ പറഞ്ഞാലും എത്ര ആക്രമിച്ചാലും നടനോടുളള ആളുകളുടെ സ്‌നേഹം വളരെ കൂടുതലാണെന്നും ദുൽഖറിന്റെ വാക്കുകൾ. പ്രേക്ഷകരുടെ ആ സ്‌നേഹം കൂട്ടാനേ താൻ ആഗ്രഹിക്കുന്നുളളുവെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. സിനിമയിൽ സ്ഥിരമായ വിജയങ്ങളുണ്ടാവുമെന്ന് ഉറപ്പില്ലെന്നും അത് കൊണ്ട്‌ പ്രശ‌സ്തി കൂടുന്നതിനനുസരിച്ച് മാറുന്ന മാറ്റങ്ങൾക്ക് ആയുസു കുറവാണെന്നും ദുൽഖർ പറയുന്നു. “സിനിമയിൽ വന്ന് ആറുവർഷമായിട്ടും ഞാനൊട്ടും മാറിയിട്ടില്ലെന്നു പലരും പറയും. അതാണ് ഏറ്റവും വലിയ അവാർഡെന്ന് വിശ്വസിക്കുന്നു”.

പുതിയ തലമുറയിലെ ആരോടാണ് മത്സരമെന്ന ചോദ്യത്തിന് ആരോടും മത്സരമില്ലെന്ന് പറഞ്ഞാൽ കളളമാകുമെന്നാണ് ദുൽഖർ പറയുന്നത്. “ഉറപ്പായും അങ്ങനെ ചിന്തിക്കാറുണ്ട്.എല്ലാവരുടെയും സിനിമകൾ കാണാറുണ്ട്. അതെല്ലാം ശ്രദ്ധിക്കാറുണ്ട്. അതിലും മികച്ച സിനിമകൾ ചെയ്യണം എന്നാലോചിക്കാറുണ്ട്.എന്നാലല്ലേ അഭിനയിക്കാനും നല്ല സിനിമകൾ തിരഞ്ഞെടുക്കാനും വാശി ഉണ്ടാവുകയുളളൂ.ഒരു വർഷമിറങ്ങുന്ന നല്ല സിനിമകളുടെ ലിസ്റ്റിൽ എന്റെ സിനിമയുമുണ്ടാകണം-ഇതാണ് ഏറ്റവും വലിയ ആഗ്രഹം. ആ കൂട്ടത്തിൽ എന്റെ പേരില്ലെങ്കിൽ സിനിമ തിരഞ്ഞെടുക്കുന്നതിൽ എന്തോ തെറ്റുണ്ട് എന്ന കാര്യമുറപ്പാണ്. അതെനിക്ക് സഹിക്കാനാകില്ല” . ദുൽഖറിന്റെ വാക്കുകൾ.

തന്നെ കാണാൻ കിട്ടുന്നില്ലയെന്ന പരാതിയാണ് ഉമ്മച്ചിയും അമാലും ഒരേ പോലെ പറയുന്നതെന്നും ദുൽഖർ പറഞ്ഞ് നിർത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ