മെഗാസ്റ്റാർ മമ്മൂട്ടി മലയാളികൾക്ക് മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ അഭിനയ രംഗത്തേക്ക് വന്നപ്പോൾ ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ ഡിക്യു എന്നും കുഞ്ഞിക്ക എന്നുമൊക്കെ വിളിച്ചു തുടങ്ങി. ആരാണ് അദ്ദേഹത്തെ ആദ്യമായി കുഞ്ഞിക്ക എന്ന് വിളിച്ചത്? ആ ചോദ്യത്തിന് മറുപടി പറയുകയാണ്. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ വെളിപ്പെടുത്തൽ.

കുഞ്ഞിക്കയെന്ന് ആരാണ് തന്നെ ആദ്യം വിളിച്ചതെന്ന് ഓര്‍മയില്ലെന്നാണ് ദുൽഖർ പറയുന്നത്. എന്നാൽ ആ വിളി തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

“ആ വിളിയില്‍ ഒരു സ്നേഹം നിറഞ്ഞുനില്‍ക്കുന്നതായി തോന്നി. അതുകൊണ്ടുതന്നെ ഇപ്പോഴാ പേര് എനിക്കും ഇഷ്ടമാണ്. ദുല്‍ഖര്‍ സല്‍മാന്‍ എന്നു കേള്‍ക്കുന്നത് ഭയങ്കര ഫോര്‍മലായാണ് ഇന്ന് ഫീല്‍ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന പേര് സ്‌കൂള്‍കാലത്തേ ഒപ്പം പഠിക്കുന്നവര്‍ക്ക് ഒരു പ്രശ്നമായിരുന്നു ഡി.ക്യു. എന്ന വിളികളെല്ലാം അങ്ങനെ ഉയര്‍ന്നുവന്നതാണ്. ചിലരെന്നെ അന്ന് സല്‍മ എന്നെല്ലാം വിളിച്ചു. അതൊന്നും തിരുത്താന്‍ ശ്രമിച്ചിട്ടില്ല,” എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറയുന്നത്.

Read More: അനൂപുമായി ഞാൻ ഉടക്കുമ്പോൾ അതേറെ സങ്കടപ്പെടുത്തുന്നത് ഉമ്മച്ചിയെ: ദുൽഖർ സൽമാൻ

ദുൽഖറിർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരി ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ദുൽഖറിനെ കൂടാതെ ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ എന്നിവരാണ് മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഏഴ് വർഷത്തിന് ശേഷം ശോഭന അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. തിര എന്ന ചിത്രത്തിലാണ് മലയാളികൾ ശോഭനയെ ഏറ്റവും ഒടുവിലായി കണ്ടത്.

അനൂപിന്റെ സിനിമയിലെ നായകൻ മാത്രമല്ല ദുൽഖർ, നിർമാതാവ് കൂടിയാണ്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫെയറര്‍ ഫിലിംസും ചേർന്നാണ് ‘വരനെ ആവശ്യമുണ്ട്’ നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുകയാണ്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഏഴ് വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ നായിക ശോഭന വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’.

ദുൽഖറിന്റെ ആദ്യ ചിത്രമായ ‘സെക്കന്റ്‌ ഷോ; സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കുറുപ്പിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook