മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാൽ’ പ്രഖ്യാപിച്ചതു മുതൽ സിനിമാ ലോകം ഒന്നടങ്കം ആവേശത്തിലാണ്. ബിലാലിന്റെ വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ബിലാലിന്റെ രണ്ടാം വരവിൽ ഒപ്പം ദുൽഖർ സൽമാനും ഉണ്ടാകുമെന്ന് വാർത്തകൾ പരന്നിരുന്നു. അഭ്യൂഹങ്ങൾ വ്യാപകമായപ്പോൾ ബിലാൽ ചിത്രത്തിൽ ദുൽഖറിന് യോജിച്ച വേഷമില്ലെന്നും അതിനാൽ ദുൽഖർ ചിത്രത്തിലുണ്ടാകില്ലെന്നും സംവിധായകൻ അമൽ നീരദ് തന്നെ വെളിപ്പെടുത്തി.

ഏഷ്യാ വിഷൻ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അവതാരകർ ദുൽഖറിനോട് ഇതേ ചോദ്യം ചോദിച്ചു. അതിന്റെ സത്യാവസ്ഥയെക്കുറിച്ച് അമൽ നീരദ് വ്യക്തമാക്കി കഴിഞ്ഞുവെന്നായിരുന്നു ദുൽഖറിന്റെ മറുപടി. ഞാൻ ഓഡിഷന് പോയി നിൽക്കാം. എനിക്ക് അത്രയും ആഗ്രഹമുണ്ട്. എന്റെ ദുബായ് ജീവിതവുമായി ബിഗ് ബിക്ക് ബന്ധമുണ്ട്. ബിഗ് ബി ഇറങ്ങുന്നത് ഞാൻ വർക്കിനായി ഇവിടെ വരുന്ന സമയമായിരുന്നു. എന്റെ ഡിവിഡി കളക്ഷനിൽ ആകയുണ്ടായിരുന്നത് ബിഗ് ബിയാണ്. നാടിനെയോ വാപ്പച്ചിയെയോ മിസ് ചെയ്യുമ്പോൾ ബിഗ് ബി കാണും. സിനിമയിലെ പശ്ചാത്തല സംഗീതം വളരെ ഇഷ്ടമാണെന്ന് പറഞ്ഞ ദുൽഖർ വേദിയിൽ അത് മൂളുകയും ചെയ്തു.

ബിഗ് ബിയുടെ എത്ര ഭാഗം വന്നാലും ആ സിനിമ എല്ലാവർക്കും ഇഷ്ടമാകും. എല്ലാവരെപ്പോലെ താനും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു. അച്ഛൻ ചെയ്ത സിനിമകളിലേതെങ്കിലും റീമേക്ക് ചെയ്യാൻ അവസരമുണ്ടായാൽ ഏത് കഥാപാത്രം തിരഞ്ഞെടുക്കാനാണ് ഇഷ്ടമെന്നും ദുൽഖറിനോട് അവതാരക ചോദിച്ചു. അച്ഛൻ ചെയ്ത കഥാപാത്രങ്ങൾ പുനവതരപ്പിക്കുക എളുപ്പമല്ലെന്നും സാമ്രാജ്യം, ദി കിങ് പോലുളള സ്റ്റൈലിഷ് സിനിമകൾ ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു.

2007ലാണ് ബിഗ് ബി പുറത്തിറങ്ങുന്നത്. അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു. വ്യത്യസ്‌തമായൊരുക്കിയ ആക്ഷൻ ത്രില്ലറായിരുന്നു ബിഗ് ബി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ