scorecardresearch
Latest News

സണ്ണിച്ചാ, നിങ്ങളൊരു അപൂർവ്വ കണ്ടെത്തലാണ്; പ്രിയചങ്ങാതിയെ ചേർത്തുപിടിച്ച് ദുൽഖർ

‘സെക്കന്റ് ഷോ’ എന്ന ആദ്യചിത്രം മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നവരാണ് ഇരുവരും

Dulquer Salman, Sunny Wayne, Dulquer Salman Sunny Wayne photos

യുവതാരങ്ങൾക്കിടയിലെ സൂപ്പർ കൂൾ താരമാണ് കുഞ്ഞിക്ക എന്നു വിളിപ്പേരുള്ള ദുൽഖർ സൽമാൻ. ഒരു കിടിലൻ സുഹൃത്ത് എന്നാണ് സഹതാരങ്ങളിൽ പലരും ദുൽഖറിനെ വിശേഷിപ്പിക്കാറുള്ളത്. സണ്ണി വെയ്ൻ മുതൽ തെലുങ്കകത്തിന്റെ സ്വന്തം വിജയ് ദേവരകൊണ്ട വരെ സ്നേഹത്തോടെ സഹോദരതുല്യനായി കാണുന്ന വ്യക്തിത്വമാണ് ദുൽഖറിന്റേത്. ഇപ്പോഴിതാ, തന്റെ പ്രിയ സുഹൃത്ത് സണ്ണി വെയ്ന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റും ശ്രദ്ധ നേടുകയാണ്.

“ജന്മദിനാശംസകൾ സണ്ണിച്ചാ! നിങ്ങൾ എന്റെ സ്വന്തം സഹോദരനാണെങ്കിൽ കൂടി എനിക്ക് നിങ്ങളെ ഇതിൽ കൂടുതൽ സ്നേഹിക്കാൻ കഴിയില്ല. ‘സെക്കന്റ് ഷോ’ മുതൽ ഇപ്പോൾ വരെ നമ്മൾ മാറിയിട്ടില്ല, വർഷങ്ങൾക്ക് അനുസരിച്ച് അടുപ്പം കൂടിയിട്ടെ ഉള്ളൂ. നിങ്ങളും കുഞ്ചുവും ഞങ്ങളുടെ ലോകമാണ്, നിങ്ങളെ രണ്ടുപേരെയും ഒന്നിച്ച് കാണുന്നത് എല്ലായ്പ്പോഴും ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്നു. ഏറ്റവും സന്തോഷകരമായ ദിവസം ആസ്വദിക്കൂ, എല്ലായ്പ്പോഴും നിങ്ങളായിരിക്കൂ, കാരണം സണ്ണിച്ചാൻ ഒരപൂർവ്വ കണ്ടെത്തലാണ്,” എന്നാണ് ദുൽഖർ കുറിക്കുന്നത്.

പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് സണ്ണിവെയ്നിന്റെ പുതിയ ചിത്രം ‘മണിയറയിൽ അശോകനി’ലെ ഫസ്റ്റ് ലുക്കും ദുൽഖർ റിലീസ് ചെയ്തിരുന്നു.

ഒരേ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്മാരാണ് ദുൽഖർ സൽമാനും സണ്ണി വെയ്നും. ‘സെക്കന്റ് ഷോ’ എന്ന ആദ്യചിത്രം മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നവരാണ് ഇരുവരും. ദുൽഖറിന് സണ്ണി വെയ്ൻ സണ്ണിച്ചനാണ്. സിനിമകളുടെ തിരിക്കിനിടയിലും പരസ്പരമുള്ള സൗഹൃദം പങ്കിടാൻ സമയം കണ്ടെത്താറുള്ള സുഹൃത്തുക്കളാണ് ഇരുവരും. സണ്ണി വെയ്നിന്റെ വിവാഹസൽകാരത്തിനെത്തിയ സമയത്ത് ദുൽഖർ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

“സണ്ണിയെ പിടിച്ച് കെട്ടിക്കണമെന്ന് കുറേ നാളായി ആലോചിക്കുകയായിരുന്നു. ഏറ്റവും നല്ല സുന്ദരിയായ ഭാര്യയെത്തന്നെയാണ് അവന് കിട്ടിയത്. അവന്റെ വലിയ ലോട്ടറിയാണ്. അവനൊരു ചാന്‍സ് കൊടുത്തതിന് താങ്ക്‌സ് കുഞ്ചു, ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടത് കണ്ടോ, നല്ല കുട്ടി,” വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള ദുൽഖറിന്റെ വാക്കുകളെ ചിരിയോടെയാണ് സദസ്സ് എതിരേറ്റത്. ഭാര്യ അമാൽ സൂഫിയയ്ക്ക് ഒപ്പമാണ് ദുൽഖർ ചടങ്ങിനെത്തിയത്.

ഏപ്രിൽ 10ന് ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു സണ്ണി വെയ്നിന്റെയും നർത്തകിയായ രഞ്ജിനിയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സണ്ണിയുടെ ബാല്യകാല സുഹൃത്ത് കൂടിയായ രഞ്ജിനി ‘ക്ഷേത്ര’ എന്ന ഡാൻസ് സ്കൂൾ നടത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പ്രോഗാമിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനി.

Read more: സണ്ണി വെയ്ൻ വിവാഹിതനായി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan sunny wayne birthday wish photo