ദുല്‍ഖര്‍ സല്‍മാന്‍ സുകുമാര കുറുപ്പാകുന്ന സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുക. സിനിമയുടെ വ്യത്യസ്തമായ ടെെറ്റിൽ പോസ്റ്റർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ ഇതാ സുകുമാര കുറുപ്പായുള്ള ദുല്‍ഖറിന്റെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ദുല്‍ഖറിന്റെ ആരാധകര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഫോട്ടോ വൈറലായി. ചിലര്‍ ദുല്‍ഖറിന്റെ ലുക്ക് കണ്ട് ആകാംക്ഷയോടെയാണ് സുകുമാര കുറുപ്പിനായി കാത്തിരിക്കുന്നത്. ചിലരാകട്ടെ ഇതാണോ സുകുമാര കുറുപ്പ് എന്ന ചോദ്യവും ഉന്നയിക്കുകയാണ്. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ നടക്കുന്ന പ്രധാന ചര്‍ച്ച ദുല്‍ഖറിനെയും സുകുമാര കുറുപ്പിനെയും സംബന്ധിച്ചാണ്.

Read Also: ട്രോളന്മാര്‍ക്ക് നന്ദി, എന്റെ വീട്ടിലേക്കുള്ള റോഡ്‌ ശരിയായി: മല്ലിക സുകുമാരൻ

ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുകുമാര കുറുപ്പിന്റെ ഷൂട്ടിങ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥ്‌ രാജേന്ദ്രനാണ്. വേഫെയറർ ഫിലിംസിന്റെയും എം സ്റ്റാർ ഫിലിംസിന്റെയും ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ സുഷിൻ ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.

വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല.

Read Also: നീയും ഞങ്ങളിൽ ഒരുവൻ; ദുൽഖറിനെ ചേർത്തു പിടിച്ച് ബോളിവുഡ് രാജാക്കന്മാർ

1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.

കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook