‘എന്‍റെ ജീവിതം എന്നെന്നേയ്ക്കുമായി മാറി’ എന്നാണ് മകളുടെ ജനന വിവരം അറിയിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. തന്‍റെ ഏറ്റവും വലിയ സ്വപ്നം സഫലമായി എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. മെയ്‌ 5 ന് ചെന്നൈയില്‍ ജനിച്ച മകള്‍ക്ക് ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും പേരിട്ടത് മിറിയം അമീറ സല്‍മാന്‍ എന്ന്.

ദുല്‍ഖറിന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന ആരാധകര്‍ അന്ന് മുതല്‍ കാത്തിരിക്കുകയാണ് കുഞ്ഞു രാജകുമാരിയുടെ മുഖം ഒന്ന് കാണാന്‍. അവളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളുടെ പലതരം സൂചനകള്‍ നല്‍കുന്ന ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുമെങ്കിലും അതിലൊന്നിലും പ്രേക്ഷകര്‍ കാത്തിരുന്ന ആ കുഞ്ഞു മുഖമില്ലായിരുന്നു. സമയമാകുമ്പോള്‍ താന്‍ തന്നെ മകളുടെ ചിത്രം ആരാധകരുമായി പങ്കു വയ്ക്കാം എന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

എന്നാല്‍ കാത്തിരിപ്പില്‍ അക്ഷമനായ ഒരു ഫാന്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ ഒരു ചെറിയ സന്തോഷത്തിന് വക നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ദുല്‍ഖര്‍ നടന്നു നീങ്ങുന്ന ഒരു ഫോട്ടോയാണത്. അരികില്‍ മകളുടെ ‘പ്രാ’മും കാണാം.  എപ്പോള്‍, എവിടെ വച്ച്, പകര്‍ത്തിയ ചിത്രമാണ് എന്നതിന്‍റെ വിശദവിവരങ്ങള്‍ ലഭ്യമല്ല. ചിത്രം ദുല്‍ഖര്‍ – മമ്മൂട്ടി ഫാന്‍ ക്ലബ്ബുകളില്‍ സജീവമായി പങ്കു വയ്കപ്പെടുന്നുണ്ട്.

തന്‍റെ സിനിമാ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും മകളുടെ കാര്യങ്ങളില്‍ വ്യാപൃതനാകാന്‍ ശ്രദ്ധിക്കാറുണ്ട് ദുല്‍ഖര്‍. അവളുടെ കളിപ്പാട്ടങ്ങള്‍, ഷൂസ്, സോക്ക്സ്, തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച് സന്തോഷവാനാകുന്ന ദുൽഖറിലെ അച്ഛനെ പലപ്പോഴും കാണാന്‍ കഴിയും. ഈ ചിത്രത്തിലും കാണാം കരുതലുള്ള ഒരച്ഛനെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ