ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖറിന്റെ ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി. ലക്കി ചാം എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബർ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ സൽമാൻ ‘ദ സോയ ഫാക്റ്ററി’ൽ അഭിനയിക്കുന്നത്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാവുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്

അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്.

Read More: Dulquer Salmaan Sonam Kapoor Zoya Factor Trailer: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ; ‘സോയാ ഫാക്റ്റർ’ ട്രെയിലർ

ഈ ചിത്രത്തിനു വേണ്ടിയായിരുന്നു മലയാളത്തിൽ നിന്നും വലിയൊരു ബ്രേക്ക് എടുത്ത് ദുൽഖർ മാറിനിന്നത്. ഏതാണ്ട് ഒന്നരവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലെത്തിയത്, ‘ഒരു യമണ്ടൻ പ്രേമകഥ’യിലായിരുന്നു. ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദുൽഖർ അവതരിപ്പിച്ചത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ബി സി നൗഫല്‍ ആയിരുന്നു.

അതേസമയം, അഭിനയത്തിനൊപ്പം നിർമ്മാണരംഗത്തേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് ദുൽഖർ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകൻ. ‘എബിസിഡി മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ദുൽഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ദുൽഖറിന്റെ പ്രിയ സുഹൃത്തുമാണ്. ഇതാദ്യമായാണ് ഗ്രിഗറി നായകനായി അഭിനയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook