ദുല്‍ഖര്‍ സല്‍മാനാണോ നിവിന്‍ പോളിയാണോ കൂടുതല്‍ കെയറിങ്ങെന്ന അവതാരകന്റെ ചോദ്യത്തിന് എനിക്ക് സഹപ്രവര്‍ത്തകരുടെ കെയറിങ് ആവശ്യമില്ലെന്ന മറുപടി നല്‍കിയ ശോഭിത ധുലിപാലയുടെ വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു. ആ ചോദ്യവും ഉത്തരവും ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ് ശോഭിത.
ദുല്‍ഖര്‍ സല്‍മാനും ശോഭിതയും ഒന്നിച്ച ‘കുറുപ്പ്’ എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ ബുധനാഴ്ചയാണ് എത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന്റെ രസകരമായ ഒരു സ്മൂത്തി ചലഞ്ചുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. ഇരുവരുടെയും സ്വഭാവത്തിലെ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള ചേരുവകള്‍ ഉപയോഗിച്ചാണ് സ്മൂത്തി തയാറാക്കേണ്ടത്.
കെയര്‍ എന്നെഴുതിയ ജാര്‍ എടുത്തതിന് ശേഷമായിരുന്നു ശോഭിത വീണ്ടും പഴയ അഭിമുഖത്തെ ഓര്‍മിപ്പിച്ചത്. “ഇത് നിങ്ങള്‍ക്കുള്ളതാണ്. ദുല്‍ഖര്‍ വളരെയധികം കെയര്‍ ചെയ്യുന്ന വ്യക്തിയാണ്. കേരളത്തിലെ ആളുകള്‍ ഇത് കാണുന്നുണ്ടോ,” ചിരിച്ചുകൊണ്ട് ശോഭിത ചോദിച്ചു.
ഷൂട്ടിങ്ങിന്റെ സമയത്ത് കെയര്‍ ആവശ്യമില്ലെന്ന് ദുല്‍ഖര്‍ മറുപടിയും നല്‍കി. “പൂര്‍ണമായും കെയറിങ് ആവശ്യമാണ്. നിങ്ങള്‍ക്ക് അറിയാമെങ്കില്‍ മനസിലാകും, എനിക്ക് ഒരുപാട് കെയറിങ് ആവശ്യമാണ്,” ശോഭിത കൂട്ടിച്ചേര്‍ത്തു.
കോവിഡ് നല്‍കിയ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു കുറുപ്പ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുശിന്‍ ശ്യമാണ് സംഗീത സംവിധാനം. ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും കുറുപ്പില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Also Read: Pushpa Review & Rating: ഇനി ‘പുഷ്പ’യുടെ വിളയാട്ടം; റിവ്യൂ