നടൻ എന്നതിലുപരി നല്ലൊരു ഗായകനാണ് താനെന്ന് ദുൽഖർ സൽമാൻ പലതവണ തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ നിരവധി സിനിമകളിൽ ദുൽഖർ പാടിയിട്ടുണ്ട്. എബിസിഡിയിലെ ‘ജോണി മോനേ ജോണി’, ചാർലിയിലെ ‘സുന്ദരി പെണ്ണേ’ എന്നിവയൊക്കെ ദുൽഖർ പാടിയ ഹിറ്റ് ഗാനങ്ങളാണ്. ഇപ്പോഴിതാ തമിഴ് സിനിമയ്ക്കായ് ആദ്യമായി ഗാനം ആലപിച്ചിരിക്കുകയാണ് ദുൽഖർ.
ഭൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ സിനിമയിലാണ് ദുൽഖർ പാടിയിരിക്കുന്നത്. ചിത്രത്തിൽ നായക വേഷം ചെയ്യുന്നതും ദുൽഖറാണ്. ‘അച്ചമില്ലൈ.. അച്ചമില്ലൈ’ എന്ന ഗാനം ആലപിക്കുന്ന വീഡിയോയുടെ ചെറിയൊരു ഭാഗം ദുൽഖർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ജനുവരി 14 നാണ് ഗാനം റിലീസ് ചെയ്യുന്നതെന്നും ദുൽഖർ അറിയിച്ചിട്ടുണ്ട്.
അദിതി റാവുവും കാജൾ അഗർവാളുമാണ് ‘ഹേ സിനാമിക’യിലെ നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.
കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്. ത്രം 2022 ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തുമെന്നാണ് ദുൽഖർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.