സിനിമയിലും പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് ദുൽഖർ സൽമാനും നസ്രിയയും. ഇത്തവണ ഫോണിലൂടെ നസ്രിയക്ക് കിടിലൻ സർപ്രെെസ് നൽകിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സൂര്യാൻ എഫ്എം (തമിഴ്) റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നസ്രിയയെ ഞെട്ടിച്ചുകൊണ്ട് ദുൽഖറിന്റെ ഫോൺ കോൾ എത്തുന്നത്. ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ദുൽഖർ നസ്രിയയെ ഫോൺ വിളിക്കുന്നത്.
അഭിമുഖത്തിനിടെ നിവിൻ പോളിയെയോ നസ്രിയയെയോ ഫോണിൽ വിളിച്ച് പാട്ടു പാടി കേൾപ്പിക്കാമോ എന്ന് അവതാരക ചോദിച്ചു. നസ്രിയയെയാണ് ദുൽഖർ ഫോണിൽ വിളിച്ചത്. ഏറെ നേരം റിങ് ചെയ്ത ശേഷമാണ് നസ്രിയ ഫോൺ അറ്റൻഡ് ചെയ്യുന്നത്. നസ്രിയ ഫോൺ അറ്റൻഡ് ചെയ്തതും ദുൽഖർ പാട്ടുപാടി തുടങ്ങി. ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ‘തുടക്കം മാംഗല്യം തന്തുനാനേന..’ എന്ന പാട്ടാണ് ദുൽഖർ ആലപിച്ചത്. ദുൽഖറിന്റെ സർപ്രെെസ് പാട്ട് കേട്ടതും നസ്രിയ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
പാട്ട് പാടി കഴിഞ്ഞതും ദുൽഖർ നസ്രിയയോട് സംസാരിക്കാൻ തുടങ്ങി. ‘കുഞ്ഞീ..’എന്നു വിളിച്ചാണ് ദുൽഖർ നസ്രിയയോട് സംസാരിക്കുന്നത്. നസ്രിയയെ ദുൽഖർ ‘കുഞ്ഞി’ എന്നാണ് പൊതുവേ വിളിക്കുന്നത്. തന്റെ തമിഴ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് വിളിച്ചതെന്ന് ദുൽഖർ നസ്രിയയോട് പറഞ്ഞു. ‘ഓ മെെ ഗോഡ്’ എന്നായിരുന്നു നസ്രിയ ദുൽഖറിനോട് തിരിച്ചുപറഞ്ഞത്. രണ്ടുപേർക്കും ചിരിയടക്കാൻ സാധിച്ചില്ല. ഒരു പാട്ട് പാടണമെന്ന് പറഞ്ഞപ്പോൾ ഇതാണ് ആദ്യം ഓർമയിലെത്തിയതെന്ന് ദുൽഖർ നസ്രിയയോട് പറഞ്ഞു. ദുൽഖർ തനിക്കു വേണ്ടി പാടുന്നതു വിശ്വസിക്കാനാകുന്നില്ല എന്നു നസ്രിയ പറഞ്ഞു.
ദുൽഖർ സൽമാനും നസ്രിയയും ഒന്നിച്ചഭിനയിച്ച സിനിമയാണ് ‘ബാംഗ്ലൂർ ഡേയ്സ്’. അഞ്ജലി മേനോൻ സംവിധാനം ചെയ്ത സിനിമ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ബാംഗ്ലൂർ ഡേയ്സിൽ ദുൽഖറിന്റെ കസിനായാണ് നസ്രിയ അഭിനയിച്ചത്. ‘തുടക്കം മാംഗല്യം തന്തുനാനേന…’ എന്ന ഗാനത്തിൽ ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ദുൽഖർ നായകനായ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് എങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തിയ മലയാള സിനിമ ‘ട്രാൻസ്’ തിയറ്ററിൽ പ്രദർശനം തുടരുകയാണ്.