Dulquer Salmaan Sonam Kapoor ‘The Zoya Factor’ Release: ബോളിവുഡിൽ രണ്ടാമൂഴത്തിനു ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ആദ്യ ചിത്രം ‘കാര്‍വാ’ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയൊരു ചിത്രമാണ്. പോരാത്തതിന്, റിലീസിന്റെ തലേ ദിവസം മലയാളി സംവിധായകന് സഞ്ജു സുരേന്ദ്രന്, ഇത് തന്റെ സിനിമയുടെ കഥയാണ് എന്നാരോപിച്ച് നിയമനടപടിയ്ക്കും ഒരുങ്ങി. ചിത്രത്തിലെ അവിനാശ് രാജ് പുരോഹിത് എന്ന കഥാപാത്രം ദുൽഖറിന് വെല്ലുവിളി ഉയർത്തുന്ന രീതിയിൽ അഭിനയമുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒന്നായിരുന്നില്ല എന്നതും ദുല്‍ഖര്‍ ആരാധകര്‍ക്ക് ചെറിയ നിരാശയുണ്ടാക്കി. എന്നാലും ബോളിവുഡ് ദുല്‍ഖറിനെ എഴുതിത്തള്ളിയില്ല. മറ്റൊരു അവസരം, അതും കുറെയും കൂടി വലിയ ചിത്രത്തില്‍, കുറെയും കൂടി ശ്രദ്ധേയമായ ഒരു വേഷത്തില്‍ ദുല്‍ഖറിനെ തേടിയെത്തുക തന്നെ ചെയ്തു – ‘ദി സോയാ ഫാക്ടര്‍’ എന്ന ചിത്രത്തിലൂടെ. ‘ദി സോയാ ഫാക്ടറി’ലൂടെ ദുൽഖറിന് ബോളിവുഡിൽ തന്നെ രേഖപ്പെടുത്താൻ ആവുമെന്ന പ്രതീക്ഷയിലാണ് ദുൽഖർ ആരാധകർ. സെപ്റ്റംബർ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വേഷമാണ് ചിത്രത്തിൽ ദുൽഖറിന് എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുനത്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ, സോനം കപൂറാണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച സോയ സോളങ്കി എന്ന പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള് ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ അഭിഷേക് ശര്‍മയാണ്. അനുജ ചൗഹാന് എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്.
Read Here: ബോളിവുഡ് പിടിക്കാന്‍ കുഞ്ഞിക്ക: ദുല്‍ഖറിന്റെ ‘സോയ ഫാക്റ്റർ’ സെപ്തംബറിൽ
ദുൽഖറിലെ ‘ബോളിവുഡ്’ ഫാക്ടർ
പക്കാ മലയാളി ലുക്കുള്ള നടന്മാരുടെ പട്ടികയിൽ ഒതുങ്ങുന്ന ഒരു നടനല്ല ദുൽഖർ. മുണ്ടുടുത്തും മലയാളം പറഞ്ഞുമൊക്കെ അയൽവീട്ടിലെ പയ്യനാവാൻ ദുൽഖറിനു കഴിയുമെങ്കിലും അതിനപ്പുറം ഏതു മെട്രോ നഗരത്തിനും ഇണങ്ങുന്ന, ഏതു സംസ്കാരത്തിലേക്കും പരുവപ്പെടുത്തിയെടുക്കാവുന്ന ശരീരഭാഷയും മാനറിസങ്ങളും കൂടി ദുൽഖർ എന്ന അഭിനേതാവിന്റെ പ്രത്യേകതയാണ്.
ചെന്നൈയിലെ വിദ്യഭ്യാസകാലവും യുഎസിലെ ഉപരിപഠനവുമെല്ലാം ദുൽഖറെന്ന വ്യക്തിയുടെ സ്വഭാവത്തിലും ‘ആറ്റിറ്റ്യൂഡിലും’ ഉണ്ടാക്കിയ സ്വാധീനവും ഇതിനു സഹായമാകുന്നുണ്ടെന്ന് പറയാം. അതു കൊണ്ടു തന്നെ, മലയാളേതര ഭാഷാചിത്രങ്ങളിലെ നായകവേഷങ്ങളിലേക്കും ഇണങ്ങുന്ന ദുൽഖറിന്റെ ‘ഇമേജ്’ ബോളിവുഡ് അവസരങ്ങളുടെ വാതിലുകൾ തുറന്നിടുന്നുണ്ട് താരത്തിനു മുന്നിൽ. അവിടെ തന്നെയാണ്, ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിന്റെ പ്രസക്തിയും. ‘ദി സോയ ഫാക്ടർ’ വിജയം നേടിയാൽ അത് ദുൽഖറിന്റെ മുന്നോട്ടുള്ള ബോളിവുഡ് യാത്രയുടെയും ആയാസം കുറയ്ക്കും.
Read More: ദുല്‍ഖര്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ സഹീര്‍ ഖാനും അജിത് അഗാര്‍ക്കറും എത്തിയപ്പോള്‍; ചിത്രങ്ങള്‍
മമ്മൂട്ടിയുടെ മകന്
ഒരു മഹാനടന്റെ മകനെന്ന ലേബലൊന്നുമില്ലാതെ തന്നെ താര പദവിയിലേക്ക് ഉയർന്നുവന്ന ആളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത പേര് നിലനിർത്തണമെന്ന വലിയ ബാധ്യത സിനിമയിലേക്ക് കടന്നു വന്ന സമയത്ത് ദുൽഖറിനുണ്ടായിരുന്നെങ്കിലും അതിനൊക്കെയുള്ള മറുപടി തന്റെ ചിത്രങ്ങളിലൂടെ നൽകാൻ ദുൽഖറിനു കഴിഞ്ഞു.
‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ 2012ൽ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദുൽഖർ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം താരപദവി നേടിയെടുത്തത്. ഇനി ഊഴം, ബോളിവുഡ് സിനിമയുടെ തട്ടകത്തിലാണ്. ഒരു ബോളിവുഡ് ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും നിലവിൽ മറ്റേതൊരു മലയാളി യുവതാരത്തിനേക്കാളും ആരാധകർ ബി ടൗണിൽ ദുൽഖറിനുണ്ട്. ഈ ആരാധക പിന്തുണയാണ് ദുൽഖറിന്റെ ബോളിവുഡ് യാത്രയ്ക്ക് ഊർജം പകരുന്ന മറ്റൊരു അനുകൂല ഘടകം.
മലയാളത്തിൽ നിന്നും ഒരു ബ്രേക്ക്
ബോളിവുഡ് സിനിമകൾ എന്നത് ദുൽഖർ എടുത്ത ധീരമായൊരു ചുവടുവയ്പായിട്ട് വേണം കരുതാൻ. മലയാളത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തു കൊണ്ടാണ് ‘ദി സോയാ ഫാക്ടറി’നു വേണ്ടി ദുൽഖർ സമയം കണ്ടെത്തിയത്. ഏതാണ്ട് ഒന്നര വർഷത്തോളം ഇതിനു വേണ്ടി മലയാള സിനിമയിൽ നിന്നും മാറി നിൽക്കാന് താരം തയ്യാറായത്. കൈ നിറയെ അവസരങ്ങൾ മലയാള സിനിമയിൽ നിന്നും വന്നു കൊണ്ടിരിക്കുമ്പോഴാണ് ഈ ബ്രേക്ക് എടുക്കൽ എന്നതും പ്രധാനമാണ്.
മമ്മൂട്ടിയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം മലയാള സിനിമയിൽ സജീവമാകുന്ന തന്നെ കാണാനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്ന് ദുൽഖർ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
“എന്റെ ഫാമിലിയും ‘ദി സോയാ ഫാക്ടര്‍’ കാത്ത് ആവേശത്തിലാണ്. എന്നാൽ അവരുടെ പ്രധാന പരാതി ഞാൻ കുറച്ചു മലയാളം ചിത്രങ്ങൾ മാത്രം ചെയ്യുന്നു എന്നതാണ്. ഞാൻ കൂടുതൽ മലയാളം ചിത്രങ്ങൾ ചെയ്യണം, അതാവണം എന്റെ ‘പ്രൈമറി ഫോക്കസ്’ എന്നവർ ആഗ്രഹിക്കുന്നു. അതൊഴിവാക്കിയാൽ, എന്നെ വിവിധ ഇൻഡസ്ട്രികളുടെ ഭാഗമായി കാണുന്നതും ലഭിക്കുന്ന സ്വീകാര്യതയിലും അവരും സന്തോഷിക്കുന്നുണ്ട്. അവർ അഭിമാനിക്കുകയും ചെയ്യുന്നു,” കുടുംബത്തിന്റെ പിന്തുണയെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം: Dulquer Salmaan: The Zoya Factor is more than a romantic comedy