/indian-express-malayalam/media/media_files/uploads/2023/08/Dulquer-Salmaan-2.jpg)
"എന്റെ കരിയർ ഏത് ദിശയിലേക്കാണ് പോകുന്നതെന്നും എനിക്കറിയില്ല, പക്ഷേ എനിക്ക് ഈ യാത്ര ഇഷ്ടമാണ്"
മാസ്സ് ആവുന്ന ദുൽഖർ സൽമാൻ, ആ പ്രയോഗം കേൾക്കുമ്പോൾ അതിനെ ചിരിയോടെ നേരിടുകയാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഡിക്യു. മാസ്സ്, ദുൽഖറിന്റെ കരിയറിനോട് ഇതുവരെ ചേർന്നു നിന്നിട്ടില്ലാത്തൊരു വാക്കാണത്. എന്നാൽ കിങ് ഓഫ് കൊത്തയിലൂടെ ദുൽഖർ ബിഗ് സ്കെയിൽ സിനിമകളുടെ ലോകത്തേക്ക് മാസ്സായി എന്റർ ചെയ്യുകയാണ്. സിനിമയിൽ ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് ദുൽഖറിന്റെ ഈ ചുവടുവെപ്പ് എന്നതും ശ്രദ്ധേയമാണ്.
ദുൽഖറിന്റെ പ്രൊഡക്ഷൻ ഹൗസ് ഒരുക്കുന്ന കിംഗ് ഓഫ് കൊത്ത താരത്തിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ഒരു മാസ്സ് ആക്ഷൻ ചിത്രമാണ് വരാൻ പോവുന്നതെന്ന സൂചനകളാണ് ടീസറും ട്രെയിലറുമൊക്കെ സമ്മാനിക്കുന്നതെങ്കിലും, ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ ശ്രദ്ധേയമായ തിരക്കഥയാണെന്ന് ദുൽഖർ Indianexpress.com നോട് പറഞ്ഞു.
ഓഗസ്റ്റ് 24നാണ് കിംഗ് ഓഫ് കൊത്തയുടെ റിലീസ്. ആരാണ് കിംഗ് ഓഫ് കൊത്ത?, എന്തുകൊണ്ടാണ് ഈ വിഭാഗത്തിലുള്ള സിനിമകൾ പര്യവേക്ഷണം ചെയ്യാൻ താനൊരു ദശാബ്ദത്തോളം കാത്തിരുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ദുൽഖർ ഉത്തരമേകുന്നു. ഒപ്പം തന്റെ ഇഷ്ട സിനിമകൾ തട്ടിയെടുക്കാൻ ശ്രമിച്ചവരെ കുറിച്ച്, പിതാവായ മമ്മൂട്ടിയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിടുകയെന്ന സ്വപ്നത്തെ കുറിച്ചും താരം മനസ്സു തുറക്കുന്നു.
ഇതാദ്യമായിട്ടായിരിക്കും‘മാസ്’ എന്ന പദം താങ്കളുടെ സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനെ എങ്ങനെ കാണുന്നു?
മാസ് എന്നു പറഞ്ഞാൽ എനിക്ക് നമ്മുടെ സൂപ്പർ താരങ്ങൾ, അവരുടെ സ്വഗ്, എപ്പിക് ഡയലോഗ് ഡെലിവറി എന്നിവയൊക്കെയാണ്. ഈ ചിത്രത്തിൽ അത്തരം ചില മാസ് ഘടകങ്ങൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷേ, നിങ്ങൾ പറഞ്ഞതുപോലെ, ഞങ്ങളെല്ലാം മികച്ച എഴുത്തിനും ഉള്ളടക്കത്തിനും പല ലെയറുകളുള്ള കഥാപാത്രങ്ങൾക്കും പേരുകേട്ടവരാണ്. രണ്ടും കൂടി ചേരുന്ന സിനിമയാണിത്. വളരെ കഥാധിഷ്‌ഠിതമായി മുന്നോട്ടു പോവുന്ന ഈ ചിത്രം ഒരു ഗ്യാങ്‌സ്റ്റർ ഡ്രാമയാണ്. എന്നാൽ അതേ സമയം തന്നെ ഡാൻസ് നമ്പറുകൾ, ഫൈറ്റ് സീക്വൻസുകൾ, പഞ്ച് ഡയലോഗുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വാണിജ്യപരമായി എങ്ങനെ ചിത്രത്തെ ലാഭകരവും രസകരവുമായ ദൃശ്യാനുഭവമാക്കാം എന്ന ചിന്തയും ഇതിനു പിന്നിലുണ്ട്.
10 വർഷത്തിലേറെ നീണ്ട താങ്കളുടെ കരിയറിലെ ആദ്യത്തെ ഫുൾ ഓൺ ആക്ഷൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. താങ്കളുടെ സമപ്രായക്കാരായ നടന്മാരൊക്കെ ഇതിനു മുൻപു തന്നെ അത്തരം സിനിമകളിലേക്ക് കടന്നുകഴിഞ്ഞു. താങ്കൾ എന്തുകൊണ്ടാണ് ഇത്തരം ചിത്രങ്ങളിലെത്തി ചേരാൻ വൈകിയത്?
തുടക്കത്തിൽ എന്റെ സിനിമകൾ ശ്രദ്ധ നേടുകയും സാമ്പത്തികമായി വിജയകരമാവുകയും ചെയ്തപ്പോൾ വാണിജ്യപരമായ ആക്ഷൻ - മസാല സിനിമകൾ ചെയ്യാൻ എനിക്ക് ഓഫറുകൾ ലഭിച്ചു. പക്ഷേ ഞാനെപ്പോഴും കരുതുന്നത് സിനിമയാണ് നായകൻ എന്നാണ്. എനിക്ക് ആ സിനിമകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് തോന്നിയില്ല, ചിലപ്പോൾ ഞാൻ തുടക്കക്കാരൻ ആയതിനാലും എനിക്ക് ആത്മവിശ്വാസം തോന്നാത്തതിനാലും ആവാം. അത്രയും നല്ല സ്ക്രിപ്റ്റുകളും ആ സമയത്ത് ലഭിച്ചില്ല. പക്ഷേ കിംഗ് ഓഫ് കൊത്തയിൽ എത്തുമ്പോൾ ഇതിൽ ആ ഘടകങ്ങളെല്ലാം ഉണ്ടായിരുന്നു. ഈ പ്രോജക്റ്റിന് വേണ്ടി എല്ലാം ഒരുമിച്ചെത്തുകയായിരുന്നു. തുടക്കത്തിൽ ആദ്യത്തെ നാലഞ്ചു വർഷം ഞാൻ അഭിമുഖങ്ങൾ നൽകിയിരുന്നില്ല. കാരണം എനിക്ക് സംസാരിക്കാൻ മാത്രം എന്തെങ്കിലും വർക്കുകൾ ഞാൻ ചെയ്യേണ്ടതുണ്ടെന്നു കരുതി. ഇപ്പോൾ കിംഗ് ഓഫ് കൊത്ത പോലെയുള്ള ഒരു ചിത്രത്തിന് ഗ്രീൻ ലൈറ്റ് കാണിക്കാൻ അല്ലെങ്കിൽ തലക്കെട്ട് നൽകാൻ സ്പേസ് വേണമെന്ന് ഞാൻ ആഗ്രഹിച്ചു.
അടുത്തതായി എന്തുചെയ്യണമെന്ന് നിങ്ങളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ചുറ്റുമുള്ള ആളുകൾ. ആ ബഹളങ്ങൾക്കിടയിലും എങ്ങനെയാണ് താങ്കൾ നിശബ്ദനാകുന്നത്?
ഇത് എളുപ്പമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഞാൻ ആരെയും ശ്രദ്ധിക്കാറില്ല. പ്രത്യേകിച്ച് സിനിമാ ബിസിനസ്സിൽ എന്താണ് പ്രവർത്തിക്കുന്നതെന്ന് ആർക്കും അറിയില്ല. മോശം സംവിധാനം, മോശം പ്രകടനങ്ങൾ, മോശം പ്രൊഡക്ഷൻ ഡിസൈൻ എന്നിവയെ മറികടക്കാൻ മികച്ച എഴുത്തിന് കഴിയുമെന്ന എന്റെ വിശ്വാസങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ആളുകൾക്ക് എല്ലായ്പ്പോഴും ഒരു സിനിമയുടെ ഉദ്ദേശ്യം മനസ്സിലാവും, അതു തന്നെയാണ് ഞാൻ അന്വേഷിക്കുന്നതും. ഇത് ഏത് ഭാഷയാണെന്നും എന്റെ കരിയർ ഏത് ദിശയിലേക്കാണ് പോകുന്നതെന്നും എനിക്കറിയില്ല, പക്ഷേ എനിക്ക് ഈ യാത്ര ഇഷ്ടമാണ്. ആളുകൾ എന്നോട് എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ എനിക്ക് എല്ലായിടത്തും ഉണ്ടായിരിക്കാൻ കഴിയില്ല. എനിക്ക് മുൻഗണനയോ റഫറൻസ് പോയിന്റോ ഇല്ല.
ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള മികച്ചത് മാത്രം ഞാൻ തിരഞ്ഞെടുക്കുന്നു. നമ്മൾ അത്തരത്തിൽ ഫിൽട്ടർ ചെയ്യുമ്പോൾ, ആളുകൾ അലസമായ, മോശം സ്ക്രിപ്റ്റുകൾ കൊണ്ടുവരില്ല. എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ആ ചിത്രത്തിന് ചുറ്റും ചെറിയൊരു ബഹളവും ഇളക്കവുമൊക്കെ കാണും. ചിലപ്പോഴൊക്കെ ആളുകൾ എന്നിൽ നിന്ന് ആ സിനിമ തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്! അതും രസകരമാണ്. അത്രയും മികച്ച മറ്റൊരു കഥാപാത്രത്തെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ വർഷം എനിക്ക് നല്ല വർഷമായിരുന്നു, പക്ഷേ അതെന്റെ ചിന്തകളെ കുഴപ്പത്തിലാക്കി. എനിക്ക് ഇപ്പോൾ രണ്ട് ചുവടു പിന്നോട്ട് പോകാൻ കഴിയില്ല, അതിനാൽ ഇനി വരുന്നത് ഇതിഹാസമായിരിക്കണം, മഹത്തായ കാര്യമായിരിക്കണം.
താങ്കൾ നിരസിച്ച എത്ര സ്ക്രിപ്റ്റുകളുണ്ട്, പ്രത്യേകിച്ചും താങ്കളെയും പിതാവിനെയും ഉൾപ്പെടുത്തിയുള്ളത്?
സത്യത്തിൽ നിങ്ങൾക്കറിയാമോ, എന്റെ പിതാവിന്റെ ഭാഗത്തുനിന്നുള്ള കർശനമായ 'നോ' കാരണം ആളുകൾ എഴുത്തിന്റെ ഘട്ടത്തിലേക്ക് പോലും എത്തുന്നില്ല! അവർ ഒരു ആശയം പറയുന്നു. ‘നമ്മൾ… ഇതുപോലൊന്ന് കൊണ്ട് വന്നാലോ?’ എന്നാൽ തൽക്ഷണം ഒരു 'നോ' വരും. അദ്ദേഹം ഇക്കാര്യത്തിൽ ആരുടെയും സമയം പാഴാക്കാറില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.