അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കിങ്ങ് ഓഫ് കൊത്ത’.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുൽഖർ സൽമാനാണ്. 2023 ഓണം റിലീസായെത്തുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചതിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. പതിനൊന്നു വർഷമായി ദുൽഖർ സൽമാൻ സിനിമാ മേഖലയിലെത്തിയിട്ട്. 2012ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം.
“എന്റെ ആദ്യ ചിത്രം റിലീസിനെത്തിയിട്ട് ഇന്നേയ്‌ക്ക് പതിനൊന്നു വർഷമാകുന്നു. വളരെ യാദർച്ഛികമെന്നോണം ചിത്രത്തിന്റെ പേര് സെക്കന്റ് ഷോയെന്നാണ്. അഭിനയ ജീവിത്തിന്റെ രണ്ടാം പാദത്തിലെത്തി നിൽക്കുമ്പോൾ ഒരു നടനെന്ന നിലയിൽ കൂടുതൽ വളരാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കൂടെ പ്രവർത്തിച്ച സംവിധായകർക്കും അണിയറപ്രവർത്തകർക്കും ഒപ്പം ആരാധകരെയും നന്ദിയോടെ ഓർമിക്കുന്നു. നിങ്ങൾ നൽകുന്ന സ്‌നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ടു നടക്കാൻ പ്രേരിപ്പിക്കുന്നത്.എന്നെ വിമർശിക്കുന്നവർക്കും നന്ദി, നിങ്ങൾ കാരണമാണ് ഞാൻ ചില വ്യത്യസ്‌തമായ പരീക്ഷണങ്ങൾ ചെയ്യുന്നത്. എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു” ദുൽഖർ കുറിച്ചു. സിനിമാലോകവുമായി താൻ പ്രണയത്തിലാണെന്നും ദുൽഖർ പറയുന്നു.
ആർ ബാൽക്കിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബോളിവുഡ് ചിത്രം ‘ചുപ്’, ബ്ലോക്ക് ബസ്റ്റർ ചിത്രം ‘സീതാരാമം’ എന്നിവ ദുൽഖർ എന്ന നടനെ കൂടുതൽ കരുത്തനാക്കി. ‘ഹേ സിനാമിക’, ‘സല്യൂട്ട്’ എന്നിവയാണ് 2022ൽ പുറത്തിറങ്ങിയ മറ്റ് ദുൽഖർ ചിത്രങ്ങൾ.