ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ് സൗബിന്‍-മമ്മൂട്ടി കൂട്ട്കെട്ടിലെ ഒരു ചിത്രം. ‘പറവ’യ്ക്ക് ശേഷമുള്ള സംവിധാന സംരംഭങ്ങളെക്കുറിച്ച് ഇത് വരെ സൗബിന്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്നലെ സൗബിന്‍ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു ചിത്രം പറയുന്നത് അടുത്തത് ഒരു മമ്മൂട്ടി ചിത്രമാകും എന്നതാണ്. ‘നെക്സ്റ്റ്’ എന്ന അടിക്കുറിപ്പോടെയാണ് സൗബിന്‍ ഈ ചിത്രം പങ്കു വച്ചത്.

mammootty soubin next

ഇത് കണ്ട ആരാധകര്‍ പ്രതീക്ഷയുടെ കൊടുമുടി കയറിയപ്പോള്‍ ‘കാത്തിരിക്കാന്‍ വയ്യ’ എന്ന് പ്രതികരിച്ച് ഒരു സെലിബ്രിറ്റി മമ്മൂട്ടി-സൗബിന്‍ ഫാനും രംഗത്തെത്തി. ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് കട്ട ഫാനിന്‍റെ പേര്. സൗബിന്‍റെ ആദ്യ ചിത്രമായ ‘പറവ’യില്‍ ഒരു സുപ്രധാന റോളില്‍ ദുല്‍ഖര്‍ എത്തിയിരുന്നു.

സംവിധാന സഹായി ആയാണ് സൗബിൻ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രേമത്തിലെ പി.ടി മാഷിലൂടെ നടനായി. സൗബിന്‍റെ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യമായി സംവിധാനം ചെയ്ത പറവ വൻ ഹിറ്റായിരുന്നു.  പ്രാവ് പറത്തല്‍ മത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മട്ടാഞ്ചേരിയിലെ ജീവിതങ്ങളെ പച്ചയായി വരച്ചുകാട്ടുന്ന ചിത്രമെന്ന അഭിപ്രായം നേടിയാണ് ചിത്രം മുന്നേയിയത്. പ്രാവ് പറത്തല്‍ മത്സരത്തിലെ വിജയം സ്വപ്നം കണ്ട് കഴിയുന്ന ഇച്ചാപ്പി, ഹസീബ് എന്നീ കുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്. ഇരട്ട ക്ലൈമാക്സുളള ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ