ഇർഫാൻ ഖാനെന്ന അഭിനയ പ്രതിഭ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മൂന്നു ദശാബ്ദത്തോളം വിവിധ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് ഇർഫാൻ ഖാൻ. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ മേഖലയിലെ പലർക്കും വിശ്വസിക്കാനായിട്ടില്ല. ദുൽഖർ സൽമാനും ഈ വാർത്ത ഉൾക്കൊളളാനായിട്ടില്ല.
Read Also: ഓരോ നിമിഷവും ജീവിച്ച ഇർഫാൻ
ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘കാർവാനി’ൽ മറ്റൊരു പ്രധാന വേഷം ചെയ്തത് ഇർഫാൻ ഖാനായിരുന്നു. ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ച അവിനാശ് എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഷൗക്കത്ത് എന്ന കഥാപാത്രത്തെയാണ് ഇർഫാൻ കൈകാര്യം ചെയ്തത്. കാർവാന്റെ ഷൂട്ടിങ് സമയത്ത് ഇർഫാൻ ഖാനൊപ്പമുളള അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ വിയോഗ വേളയിൽ ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
Read Also: ഇർഫാൻ എന്ന പോരാളി
”മഹത്തായ പ്രതിഭ, ഇതിഹാസ താരം, രാജ്യാന്തര സിനിമാതാരം ഒക്കെയായിരുന്നു നിങ്ങൾ. എന്നിട്ടും, കർവാനിലെ എല്ലാവരെയും നിങ്ങൾ കണ്ടുമുട്ടിയ എല്ലാവരെയും ഒന്നുപോലെ കണ്ടു. നിങ്ങളുടെ സ്വഭാവത്തിലൂടെ, നമ്മളെല്ലാം ഒരു കുടുംബമാണെന്ന് ഞങ്ങൾക്ക് അനുഭവപ്പെട്ടു. നിങ്ങൾ ദയാലുവും രസികനും ജിജ്ഞാസുവും പ്രചോദകനും അനുകമ്പയുളളവനും തമാശക്കാരനുമായിരുന്നു. ഒരു ആരാധകനും വിദ്യാർഥിയും എന്ന പോലെയാണ് ഞാൻ നിങ്ങളെ മുഴുവൻ സമയവും നിരീക്ഷിച്ചിരുന്നത്. ഷൂട്ടിങ്ങിലുടനീളം എന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു, അതിന് നിങ്ങൾക്ക് നന്ദി. ഞാനെപ്പോഴും ചിരിച്ചു, മുഖത്തോട് മുഖം നോക്കാൻ പാടുപെട്ടു, അതിനാൽ പലപ്പോഴും നിങ്ങളെ ഉറ്റു നോക്കി. അപ്പോഴൊക്കെ പകരമായി നിങ്ങളുടെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു. സന്തോഷം നൽകുന്ന ആ ചിരി. മിക്കവാറും എല്ലായ്പ്പോഴും നിങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി. അങ്ങനെയാണ് ഞാൻ നിങ്ങളെ എപ്പോഴും ഓർമ്മിക്കുന്നത്,” ദുൽഖറിന്റെ വാക്കുകൾ.
വൻകുടലിലുണ്ടായ അണുബാധയെ തുടർന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചായിരുന്നു ഇർഫാൻ ഖാന്റെ അന്ത്യം. ഇന്നലെ രാവിലെയാണ് ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 2018ല്‍ ഇദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. വിദേശത്ത് നടത്തിയ ചികിത്സയ്ക്ക് ശേഷം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.