പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ ടീസര്‍ പുറത്തിറങ്ങി. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ഫെയ്‌സ്ബുക്കിലൂടെ ടീസര്‍ റിലീസ് ചെയ്തതത്.
ആക്ഷനും തമാശയുമൊക്കെ നിറഞ്ഞ മാസ് എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒരുപാട് സന്തോഷത്തോടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നതെന്ന് ദുല്‍ഖര്‍ പോസ്റ്റിനൊപ്പം കുറിച്ചു. പ്രണവിന്റെ കിരീടത്തിലൊരു തൂവലായി ചിത്രം മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ സ്ഫടികത്തിലെ ‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍’ എന്ന സൂപ്പര്‍ഹിറ്റ് ഡയലോഗ് പ്രണവ് മോഹന്‍ലാലും ടീസറില്‍ പറയുന്നുണ്ട്. ഇത് ആരാധകര്‍ക്കുള്ള വിരുന്നാണ്.
ടോമിച്ചന്‍ മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിര്‍മ്മാതാവ്. പുലിമുരുകന്റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെയും ആക്ഷന്‍ ഡയറക്ടര്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കും. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മോഹന്‍ലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ല്‍ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വര്‍ഷങ്ങള്‍ക്കുശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് എത്തുമ്പോള്‍ അത് ഒരു ഡോണിന്റെ കഥയല്ലെന്ന് എടുത്തു പറയേണ്ടതാണ്. പേരില്‍ മാത്രമേ സിനിമയ്ക്ക് മോഹന്‍ലാലിന്റെ സിനിമയുമായി സാമ്യമുളളൂ.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. പ്രണവിന്റെ രണ്ടാമത്തെ ചിത്രം എന്നതു പോലെ അരുണ്‍ ഗോപിയുടേയും രണ്ടാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ‘രാമലീല’യായിരുന്നു അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം.