ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്ന ‘കർവാൻ’ എന്ന ചിത്രം ഓഗസ്റ്റ്‌ 3ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ നിന്നും തമിഴില്‍ എത്തി ഇപ്പോള്‍ തെലുങ്കിലും തിളങ്ങുന്ന ദുല്‍ഖര്‍ സല്‍മാനെ വലിയ പ്രതീക്ഷകളോടെയാണ് ബോളിവുഡ് കാത്തിരിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ,  മകന്റെ കന്നി ഹിന്ദി ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മമ്മൂട്ടി രംഗത്തെത്തുമെന്ന് ബോളിവുഡ് ബിസിനസ്‌ അനലിസ്റ്റും സിനിമാ നിരൂപകനുമായ തരന്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“നടന്‍ മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദിയിലെ ആദ്യ ചിത്രമായ ‘കാര്‍വാ’ പ്രൊമോട്ട് ചെയ്യും. ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥിലാ പാല്‍ക്കര്‍, എന്നിവര്‍ അഭിനയിക്കുന്നു. ആര്‍എസ്‌വിപി, ഇഷ്‌ക ഫിലംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ആകാശ് ഖുറാനയുടെ സംവിധാനം”, എന്നാണ് തരന്‍ ആദര്‍ശ് പറഞ്ഞത്

.

കുറച്ചു സമയത്തിനുള്ളില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ഇത് നിഷേധിച്ചു കൊണ്ട് രംഗത്തെത്തി.

“ഈ വാര്‍ത്ത തീര്‍ത്തും തെറ്റാണ് സര്‍! എന്റെ വാപ്പിച്ചി ഇന്നുവരെ എന്നെയോ എന്റെ സിനിമകളെയോ പ്രൊമോട്ട് ചെയ്‌തിട്ടില്ല. ആ നിലപാടില്‍ ഒരു മാറ്റം ഇനി ഉണ്ടാവുകയുമില്ല. ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണ്.”, തരന്‍ ആദര്‍ശിനു മറുപടിയായി ദുല്‍ഖര്‍ ട്വിറ്ററില്‍ പറഞ്ഞു.

Dulquer Salmaan Tweet on Mammootty Promoting 'Karwaan'

ദുല്‍ഖര്‍ സല്‍മാന്റെ ട്വീറ്റ്

റോഡ് മൂവിയാണ് ‘കർവാൻ’. ഒരു റോഡ്‌ യാത്രയ്‌ക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്‌തമായ ജീവിതമാണ് സിനിമയുടെ പ്രമേയം. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.

‘കര്‍വാനി’ന് ശേഷമുള്ള ദുല്‍ഖറിന്റെ ബോളിവുഡ് പ്രൊജക്‌ട് ‘ദി സോയാ ഫാക്‌ടര്‍’ എന്ന ചിത്രമാണ്.   അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്‌ടര്‍’ അടുത്ത ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. അനുജാ ചൗഹാന്‍ എഴുതിയ നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്‌ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ