സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് യുവതാരം ദുൽഖർ സൽമാൻ. ആരാധകരോട് നേരിട്ട് സംവദിക്കാനും അവരുടെ ആശംസകൾക്ക് നന്ദി പറയാനുമൊക്കെ പലപ്പോഴും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ദുൽഖർ ഉപയോഗിക്കാറുണ്ട്.
ഡിക്യു അല്ലെങ്കിൽ ചാലു, ഏത് വിളിയാണ് ഇഷ്ടം? എന്ന് തിരക്കിയ ആരാധികയ്ക്ക് ദുൽഖർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ആരാണ് വിളിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും,” എന്നാണ് ദുൽഖർ മറുപടി നൽകിയത്.

ട്വിറ്ററിൽ ആരാധകർക്കായി ഒരു Q & A സെഷൻ സംഘടിപ്പിച്ചതായിരുന്നു ദുൽഖർ.
“ഡിക്യു ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. നിങ്ങളിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കാമോ?” എന്നാണ് കരയുന്ന ഒരു ജിഫ് ഷെയർ ചെയ്തുകൊണ്ട് മറ്റൊരു ആരാധിക തിരക്കിയത്. “ദൈവമേ,നിങ്ങളാണ് യഥാർത്ഥ ഡിക്യു (ഡ്രാമ ക്വീൻ)!” എന്നാണ് സരസമായി ദുൽഖർ കുറിച്ചത്.
ചോദ്യോത്തരവേളയിൽ നിന്നുള്ള പ്രസക്ത ചോദ്യങ്ങളും ഉത്തരങ്ങളും
കിങ് ഓഫ് കോത്തയുടെ അവസ്ഥയെന്താണ്?
ദുൽഖർ: അവസാനഘട്ടത്തിലാണ്
‘കണ്ണുംകണ്ണും കൊളളയടിത്താല്‍’ എന്ന ചിത്രത്തിന് ഒരു തുടർച്ചയുണ്ടാവുമോ?
ദുൽഖർ: കാലാതീതമായ അത്തരമൊരു ക്ലാസിക്കിൽ നമ്മൾ തൊടേണ്ടതുണ്ടോ?
സീതാരാമത്തിന് രണ്ടാം ഭാഗം ഉണ്ടാവുമോ?
ദുൽഖർ: അതിൽ എനിക്കഭിനയിക്കാൻ ഒരു റോൾ ബാക്കിയുണ്ടോ?
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എല്ലാ ഭാഷകളിലും സിനിമകൾ ചെയ്തു. കന്നഡ സിനിമ ചെയ്യാൻ പ്ലാനുണ്ടോ?
ദുൽഖർ: എനിക്ക് ആഗ്രഹമുണ്ട്. കന്നഡ ഇൻഡസ്ട്രിയിൽ നിന്നും വരുന്ന ഗംഭീര ചിത്രങ്ങളെല്ലാം ഞാൻ ഇഷ്ടപ്പെടുന്നു. ഈ ഇൻഡസ്ട്രിയിലെ നടൻമാരായും സംവിധായകരായും മനോഹരമായ സംഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ഓകെ കൺമണിയിലെ പ്രിയപ്പെട്ട സീൻ?
ദുൽഖർ: ചർച്ചിൽ കണ്ടുമുട്ടുന്ന രംഗം. ക്യൂട്ടല്ലേ!
കിങ് ഓഫ് കോത്ത ഷൂട്ടിനിടെ എത്ര തവണ നിങ്ങൾക്ക് പരിക്കുപറ്റി?
ദുൽഖർ: നല്ല ചോദ്യം. ഞാൻ പറയട്ടെ, കുറേകാലത്തിനു ശേഷം ഞാൻ ചെയ്യുന്ന ശാരീരികമായി ഏറ്റവും ചലഞ്ചിംഗായ ചിത്രമാണിത്.
സോഷ്യൽ മീഡിയയിൽ വളരെയധികം നെഗറ്റിവിറ്റിയുണ്ട്. അത് എങ്ങനെ ഒഴിവാക്കാമെന്നും ഈ ഇടം മികച്ചതാക്കാമെന്നുമാണ് നിങ്ങൾ കരുതുന്നത്?
ദുൽഖർ: ബ്ലോക്കിംഗ് എന്ന കലയിൽ ഞാൻ ഉറച്ച വിശ്വാസിയും പരിശീലകനുമാണ്.