മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. മലയാളത്തിലെ താരങ്ങൾക്ക് കേവലം സഹപ്രവർത്തക മാത്രമായിരുന്നില്ല കെപിഎസി ലളിത എന്ന് തെളിയിക്കുന്നതാണ് ഓരോരുത്തരുടേയും പ്രതികരണങ്ങൾ. ഇപ്പോഴിതാ, കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ദുൽഖർ സൽമാൻ.
“ഞാൻ സ്ക്രീൻ പങ്കുവച്ച ഏറ്റവും മികച്ച ജോഡി. എനിക്ക് ഏറ്റവും സ്നേഹം തോന്നിയ സഹപ്രവർത്തക. ഒരു നടിയെന്ന നിലയിൽ അവർ മാന്ത്രികയായിരുന്നു, ആ പ്രതിഭയെ തന്റെ പുഞ്ചിരി പോലെ ലളിതമായി കൊണ്ടുനടന്നു. എഴുതിവെച്ചതിനെ അതിനപ്പുറം അതിശയകരമായി അവതരിപ്പിക്കുന്നത് കൊണ്ട് മാത്രം, എനിക്ക് ഒരു രംഗം കൂടുതൽ സജീവമായി തോന്നിയിട്ടുണ്ട്. ഞങ്ങൾ അവസാനമായി കണ്ടുപിരിഞ്ഞ ദിവസത്തെ ചിത്രങ്ങളാണിത്. ആലിംഗനവും ചുംബനവും ആവശ്യപ്പെടാതെ എനിക്ക് വിടാൻ കഴിഞ്ഞില്ല. നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ഒരു ചിത്രം ചെയ്യണമെന്ന് എപ്പോഴും പറയുമായിരുന്നു. ഞങ്ങൾക്ക് സമയമുണ്ടെന്ന് ഞാൻ കരുതി. ഞങ്ങൾ എപ്പോഴും മെസ്സേജുകൾ ആരംഭിക്കുന്നത് പോലെ.., ചക്കരേ എവിടെയാ?” ദുൽഖർ കുറിച്ചു.
കെപിഎസി ലളിതയ്‌ക്കൊപ്പം അവസാനമായി എടുത്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ദുൽഖറിന്റെ പോസ്റ്റ്. വരനെ ആവശ്യമുണ്ട് എന്നാ ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
Also Read: ‘സഹപ്രവർത്തകയല്ല, സ്നേഹിതയായിരുന്നു, അമ്മയായിരുന്നു,’ കെപിഎസി ലളിതയെ അനുസ്മരിച്ച് സിനിമാ ലോകം
ദുൽഖറിന് പുറമെ മറ്റു താരങ്ങളും കെപിഎസി ലളിതയെ അനുസ്മരിച്ചിരുന്നു. മലയാളത്തിന്റെ തീരാനഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്നാണ് ഇന്നസെന്റ് മനോരമ ന്യൂസിനോട് പ്രതികരിച്ചത്.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒന്നും ലളിതയുടെ അടുത്തെത്താൻ പറ്റുന്ന ഒരു നടിയും ഇന്നില്ല. ലളിതയുമായി അഭിനയിക്കുമ്പോൾ ആ സീൻ നന്നാവുമെന്ന് നേരത്തേ തന്നെ തോന്നും. മണിച്ചിത്രത്താഴ്, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി എല്ലാ സിനിമകളിലും ലളിത മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. വീട്ടിൽ, നാട്ടിമ്പുറത്ത് കണ്ട സ്ത്രീയെ പോലെയാണ് ലളിതയെ തോന്നുക. ഗോഡ്ഫാദറിൽ കൊച്ചമ്മിണിയായി ലളിതയെ അല്ലാതെ ആരെയും ചിന്തിക്കാനാവില്ല. ഞാനാണ് അന്ന് ലളിത മതി എന്ന് സംവിധായകരോട് പറഞ്ഞത്. അടുത്ത സുഹൃത്തിനെയും സഹപ്രവർത്തകയെയുമാണ് തനിക്ക് നഷ്ടമായതെന്നും ഇന്നസെന്റ് അനുസ്മരിച്ചു.
ഇന്നലെ രാത്രിയായിരുന്നു കെപിഎസി ലളിത വിടവാങ്ങിയത്. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. കെപിഎസിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ലളിത അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കെപിഎസി ലളിത ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.