‘പെണ്‍കുട്ടികള്‍ എവിടെയുണ്ടോ, അവിടെ വിക്കിയുണ്ട്,’ എന്നാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലെ സൗബിന്‍ സാഹിറിന്റെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ചിത്രത്തിലെ സൗബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ച വാക്കുകളായിരുന്നു. ഏപ്രില്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തിന്‍അറെ ടീസര്‍ അടുത്തിടെ റിലീസായി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ‘സോളോ’ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമ കൂടിയാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

Read More: ഒന്നര വർഷത്തിനു ശേഷം കുഞ്ഞിക്ക മലയാളത്തിൽ; ‘ഒരു യമണ്ടൻ പ്രേമകഥ’ ടീസർ

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പക്കാ എന്റര്‍ടെയ്‌നറാകും ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ദുല്‍ഖറിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും സലീം കുമാറും ടീസറിലുണ്ട്.

പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറിനെ കൂടാതെ സലീം കുമാറുമുണ്ട്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്റര്‍ടെയ്നര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. കട്ടപ്പനയിലെ ‘ഹൃത്വിക്ക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട് ഇരുവരും. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍.

Read More: സംഗതി കളറാണ്‌ കെട്ടോ: ‘ഒരു യമണ്ടൻ പ്രേമകഥ’ ലൊക്കേഷൻ ചിത്രങ്ങൾ

സലീം കുമാര്‍, സൗബിന്‍ സാഹിര്‍ എന്നിവരെ കൂടാതെ ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook