scorecardresearch

മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്നിലാക്കി ഇൻസ്റ്റയിലെ ഡി ക്യു മാജിക്

മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ മറ്റു പല താരങ്ങളെയും ഇക്കാര്യത്തിൽ ദുൽഖർ പിറകിലാക്കിയിട്ടുണ്ട്

dulquer salmaan, Kurup in 50 crore club, Amal Sufiya and Maryam Ameerah Salmaan, kurup movie

ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെ നേടിയ ആദ്യ മലയാളം താരമായി മാറി ദുൽഖർ സൽമാൻ. തനിക്ക് ഒരു കോടി ഫോളോവർമാർ തികഞ്ഞ കാര്യം ദുൽഖർ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവയ്ക്കുകയും ഫോളോവർമാർക്ക് സ്നേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

“എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങൾ ഓരോരുത്തരോടും സ്നേഹം,” ദുൽഖർ കുറിച്ചു.

ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുൽഖർ. 44 ലക്ഷം ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം.

മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ മുൻ പന്തിയിലാണ് ദുൽഖർ. തെന്നിന്ത്യൻ താരങ്ങളിൽ ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് താരം.

1.73 കോടി ഫോളോവർമാരുള്ള അല്ലു അർജുനാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. 1.46 കോടി ഫോളോവർമാരുമായി വിജയ് ദേവരകൊണ്ടയാണ് രണ്ടാം സ്ഥാനത്ത്. തെലുങ്ക് സൂപ്പർ താരങ്ങളായ പ്രഭാസും, മഹേഷ് ബാബുവുമാണ് ഇൻസ്റ്റ ഫോളോവർമാരുടെ എണ്ണത്തിൽ ആദ്യ അഞ്ചിൽ ഉൾപ്പെടുന്ന മറ്റ് തെന്നിന്ത്യൻ താരങ്ങൾ. 79 ലക്ഷമാണ് ഇരുവരുടെയും ഫോളാവർമാരുടെ എണ്ണം.

കരിയറുമായി ബന്ധപ്പെട്ടും വ്യക്തിപരമായും ഉള്ള തന്റെ വിശേഷങ്ങൾ ദുൽഖർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ആരാധകരോട് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും അവരോട് സംവദിക്കാനുമുള്ള ഇടമായി താരം ഇൻസ്റ്റഗ്രാമിനെ ഉപയോഗിക്കാറുണ്ട്. രസകരമായ ഭാഷയിൽ വീട്ടുകാര്യങ്ങളും സിനിമാ വിശേഷങ്ങളും താരം പങ്കുവയ്ക്കുകയും ചെയ്യുന്നു.

Also Read: ‘അവരെ ട്രെയിലറിൽ കണ്ടപ്പോൾ ഇമോഷണലായി’; ലളിതയെയും നെടുമുടിയെയും കുറിച്ച് മമ്മൂട്ടി

അടുത്തിടെ താൻ സിനിമയിൽ 10 വർഷം പൂർത്തിയാക്കിയതിനെക്കുറിച്ചുള്ള ഒരു പോസ്റ്റും ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ദുൽഖർ നായകനായ ആദ്യ ചിത്രം ‘സെക്കൻഡ് ഷോ’ റിലീസായത് 2012 ഫെബ്രുവരി മൂന്നിനായിരുന്നു.

കണ്ണടച്ച് തുറക്കുന്നതിന് മുമ്പായിരുന്നു ദുല്‍ഖറിന്റെ വളര്‍ച്ച. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്ന് പാൻ ഇന്ത്യൻ സ്റ്റാർ എന്നതിലേക്ക് അതിവേഗമാണ് ദുൽഖർ എത്തിയത്. ഇന്നിപ്പോൾ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാകളിലെല്ലാം ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

മലയാളത്തിൽ റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ടും’ തമിഴിൽ ബ്രിന്ദാ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’യുമാണ് ദുൽഖറിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ഫെബ്രുവരി 25നാണ് ‘ഹേയ് സിനാമിക’ തിയേറ്ററിൽ എത്തുക. അദിതി റാവുവും കാജൾ അഗർവാളുമാണ്ചിത്രത്തിലെ നായികമാർ.

ജനുവരി 14ന് റിലീസ് ചെയ്യേണ്ടിയിരുന്ന ‘സല്യൂട്ട്’ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയതായിരുന്നു. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan one million followers 10 m