മമ്മൂട്ടിയെപ്പോലെ ജീവിത വിജയം കൈവരിച്ച ഒരാളുടെ മകന്‍ ചെയ്യേണ്ട കാര്യങ്ങള്‍, എത്തിപ്പെടേണ്ട ഉയരങ്ങള്‍, എന്നതിനെക്കുറിച്ചെല്ലാമുള്ള പ്രതീക്ഷകളും മുന്‍ധാരണകളും ഉയര്‍ത്തിയ വെല്ലുവിളികള്‍ എല്ലാക്കാലത്തും ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തിന് മുന്നോടിയായി ന്യൂസ് എക്സിന് അനുവദിച്ച അഭിമുഖത്തിലാണ് ഡിക്യു മനസ്സ് തുറന്നത്. ആകാശ് ഖുരാന സംവിധാനം ചെയ്യുന്ന ‘കാര്‍വാ’ എന്ന ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ ഊട്ടിയില്‍ പുരോഗമിക്കുന്നു.
‘ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും വാപ്പച്ചി സെറ്റ് ചെയ്തിരിക്കുന്ന ഒരു നിലവാരമുണ്ട്. അതിലേയ്ക്കെത്തിയില്ലെങ്കിലും അതിനോടടുക്കുകയെങ്കിലും വേണം ഞാന്‍. ജീവിതത്തില്‍ എന്ത് ചെയ്യുമ്പോഴും ഇതെനിക്ക് ബാധകമാണ്. സിനിമയില്‍, അദ്ദേഹം തിരഞ്ഞെടുത്ത അതേ വഴിയില്‍ ഞാന്‍ സഞ്ചരിക്കുമ്പോള്‍ സ്വാഭാവികമായും സമ്മര്‍ദ്ദം കൂടും. അദ്ദേഹത്തിന് ഒരു സല്‍പേരുണ്ട്, അത് ഞാന്‍ നശിപ്പിക്കുമോ എന്ന് ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. ഒരു ദിവസം ഞാന്‍ തിരിച്ചറിഞ്ഞു, ആ ഭയത്തെ അതിജീവിക്കുമ്പോഴേ എനിക്ക് സന്തോഷമുണ്ടാകൂ എന്ന്.

എല്ലാവരും പറയും താരങ്ങളുടെ മക്കള്‍ക്ക് സിനിമയില്‍ ജോലി ചെയ്യുക എളുപ്പമാണെന്ന്. അത് വളരെ തെറ്റായ ഒന്നാണ്. ഞങ്ങള്‍കത് ഒട്ടും എളുപ്പമല്ല. എന്നെ സംബന്ധിച്ച്, എന്ത് തരം സിനിമകളാണ് ഞാന്‍ ചെയ്യേണ്ടത് എന്നോ, സ്ക്രീനില്‍ ഞാന്‍ എങ്ങനെയായിരിക്കുമെന്നോ ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു എന്ന് മാത്രം. അത് കൊണ്ട് തന്നെ എനിക്ക് വേണ്ടിയുണ്ടാക്കപ്പെട്ട്, ഒരു താലത്തില്‍ വെച്ച് നീട്ടുന്ന ഒരു ചിത്രത്തിലൂടെ തുടങ്ങുന്നില്ല എന്ന് തീരുമാനിച്ചിരുന്നു.
എന്‍റെ ആദ്യ ചിത്രം സെക്കന്റ് ഷോ, ഒരു കൂട്ടം തുടക്കക്കാരുടെ സിനിമയായിരുന്നു. ഞങ്ങള്‍ എല്ലാവരും തന്നെ സിനിമയെ പഠിക്കാനും അറിയാനും തുടങ്ങുന്നവരായിരുന്നു.
അവിടെ നിന്നും ഉസ്താദ് ഹോട്ടലിലേയ്ക്കെത്തിയപ്പോഴാണ് സിനിമയുടെ വലിയ കാന്‍വാസ് അറിയുന്നത്. വലിയ താരങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും അറിവിന്‍റെ മറ്റൊരു ലോകമാണ് തുറന്നിട്ടത്. അങ്ങനെ ഓരോ സിനിമയും ഓരോ പടിയായിരുന്നു.
ആ സിനിമകളൊക്കെത്തന്നെയാണ് എന്നിലെ നടനെ നിര്‍വ്വചിച്ചത്. ഇന്ന് ആളുകള്‍ക്ക് അറിയാം, ദുല്‍ഖര്‍ ഇങ്ങനെയാണ് എന്ന്. ഞാന്‍ എങ്ങനെയുള്ള നടനാനെന്നും അത് വാപ്പച്ചിയില്‍ നിന്നും എത്ര വ്യത്യസ്തമാണെന്നുമൊക്കെയുള്ള ഒരു വേര്‍ തിരിവ് പതിയെ വന്നു തുടങ്ങുന്നു. അതില്‍ സന്തോഷമുണ്ട്.’